സി കെ ആശ ഡെപ്യൂട്ടി സ്പീക്കറായേക്കും; ഭാർഗവി തങ്കപ്പന് പിന്നാലെ ഈ പദവിയിലെത്താൻ സാധ്യതയുള്ള ദളിത് വനിത
തിരുവനന്തപുരം: ഭാർഗവി തങ്കപ്പനു ശേഷം സിപിഐയിൽ നിന്ന് മറ്റൊരു ദളിത് വനിത കൂടി ഡെപ്യൂട്ടി സ്പീക്കറായേക്കും. നിലവിലെ ഡെപ്യൂട്ടി സ്പീക്കറായ ചിറ്റയം ഗോപകുമാർ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായ സാഹചര്യത്തിൽ, വൈക്കം എംഎൽഎ സി കെ ആശയുടെ പേരാണ് പാർട്ടി ഗൗരവമായി പരിഗണിക്കുന്നത്. രാഷ്ട്രീയ ധാർമികതയുടെ പേരിൽ ചിറ്റയം ഗോപകുമാർ സ്ഥാനമൊഴിയുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. പാർലമെന്ററി പതിവുപ്രകാരം, പാർട്ടി പദവികളും സ്പീക്കർ സ്ഥാനങ്ങളും ഒരുമിച്ച് വഹിക്കുന്നത് ഭരണഘടനാപരമായി തടസ്സമല്ലെങ്കിലും, അത് പദവിയുടെ നിഷ്പക്ഷതയെ ബാധിക്കുമെന്ന വിലയിരുത്തലാണ് മുന്നോട്ട് വയ്ക്കുന്നത്.
വൈക്കത്തിൽ നിന്ന് തുടർച്ചയായി രണ്ടുതവണ സിപിഐ പ്രതിനിധിയായി നിയമസഭയിലെത്തിയ സി കെ ആശയാണ് ഇപ്പോൾ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് പ്രധാന സാധ്യതയായി കണക്കാക്കപ്പെടുന്നത്. 1987 മുതൽ 1991 വരെ എട്ടാം കേരള നിയമസഭയിൽ ഡെപ്യൂട്ടി സ്പീക്കറായി ഭാർഗവി തങ്കപ്പൻ പ്രവർത്തിച്ചിരുന്നു. സംസ്ഥാനത്തുനിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ദളിത് വനിതയെന്ന വിശേഷണവും ഭാർഗവി തങ്കപ്പന്റേതാണ്. 1977-ൽ നെടുവത്തൂരിൽ നിന്ന് ആദ്യമായി നിയമസഭയിലെത്തി, തുടർന്ന് കിളിമാനൂരിനെ പ്രതിനിധീകരിച്ച് നിരവധി തവണ വിജയിച്ചു.
അതേസമയം, കേരള നിയമസഭയിൽ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തെത്തിയ ആദ്യ വനിതയാണ് എ. നഫീസത്ത് ബീവി. 1960-ൽ ആലപ്പുഴയിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച അവർ സിപിഐ നേതാവും മുൻ മന്ത്രിയുമായ ടി.വി. തോമസിനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്. കെ.എം. സീതിസാഹിബ് മരിച്ചതിനും പിന്നീട് സി.എച്ച്. മുഹമ്മദ് കോയ രാജിവച്ചതിനും പിന്നാലെ നഫീസത്ത് ബീവി സ്‌പീക്കറുടെ ചുമതലയും നിർവഹിച്ചിരുന്നു. ഇപ്പോൾ, നഫീസത്ത് ബീവിയുടെയും ഭാർഗവി തങ്കപ്പന്റെയും പാത പിന്തുടർന്ന്, സി കെ ആശ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്ത് എത്തുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
എൻ അരുൺ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി
കോതമംഗലം: സി പി ഐ എറണാകുളം ജില്ലാ സെക്രട്ടറിയായി എൻ അരുണി (41)നെ ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു.
തൃക്കളത്തൂർ പുതുശേരിയിൽ കെ നീലകണ്ഠൻ നായർ, സുശീല ദമ്പതികളുടെ മകനാണ്.
കേരള ലോ അക്കാദമിയിൽ നിന്ന് നിയമ ബിരുദവും ഇന്ദിരാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ് കമ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.
എഐവൈഎഫ് സംസ്ഥാന പ്രസിഡൻ്റ് , സിപിഐ സംസ്ഥാന കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു.
മാതാപിതാക്കളായ പി കെ നീലകണ്ഠൻ നായരും സുശീല നീലകണ്ഠനും ഇരുവരും പായിപ്ര ഗ്രാമപഞ്ചായത്ത് അംഗവും വൈസ് പ്രസിഡണ്ടും ആയിരുന്നു. സിപിഐ മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി അംഗങ്ങളും ആയിരുന്നു.
ഭാര്യ : ശാരി അരുൺ (അധ്യാപിക)
മകൻ :അധ്യുത് അരുൺ ( വിദ്യാർത്ഥി).
എഐഎസ്എഫ് സംസ്ഥാന പ്രസിഡൻ്റ്, ദേശീയ സെക്രട്ടറിയേറ്റ് അംഗമെന്ന നിലയിൽ പ്രവർത്തിച്ചു.
2015 മുതൽ 2021 വരെ എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി ആയിരുന്നു.
2015 – 2020 കാലയളവിൽ എറണാകുളം ജില്ലാ പഞ്ചായത്ത് അംഗമായിട്ടുണ്ട്.
1999 ൽ പ്ലസ് വൺ വിദ്യാർത്ഥി ആയിരിക്കേ എഐഎസ്എഫ് മൂവാറ്റുപുഴ മണ്ഡലം പ്രസിഡണ്ടായി.
മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയായിരിക്കെ എഐഎസ് എഫിൻ്റെ ജില്ലാ സെക്രട്ടറിയായി.
എം ജി യൂണിവേഴ്സിറ്റി യൂണിയൻ സെക്രട്ടറിയുമായി.
2017 ൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക യുവജനോത്സവത്തിൽ പങ്കെടുത്തു.
കഥാകൃത്ത് സിനിമ ഡോക്യുമെൻ്ററി , നാടക സംവിധായകൻ . 7ഡോക്യുമെൻ്ററികളും ടെലിഫിലിമുകളും എഴുതി സംവിധാനം ചെയ്തു.
നിരവധി അവാർഡുകൾ നേടിയ, വിദേശ ചലച്ചിത്രമേളകളിൽ ഉൾപ്പെടെ അംഗീകാരങ്ങൾ നേടിയ ‘അവകാശികൾ ‘
എന്ന സിനിമയുടെ രചയിതാവും സംവിധായകനുമാണ്.
നിരവധി നാടകങ്ങൾ സംവിധാനം ചെയ്യുകയും എഴുതുകയും ചെയ്തിട്ടുണ്ട്.കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി അംഗമായും പ്രവർത്തിക്കുന്നു.
ENGLISH SUMMARY:
CPI MLA C K Asha is likely to replace Chittayam Gopakumar as Deputy Speaker of the Kerala Legislative Assembly. If chosen, she will follow in the footsteps of Bhargavi Thankappan and A. Nafeesath Beevi, two trailblazing women Deputy Speakers in Kerala’s history.









