കൊച്ചി: കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ കടുത്ത വിമർശനവുമായി ദീപിക മുഖപ്രസംഗം. ദുഖവെള്ളിക്ക് മുമ്പേ ക്രൈസ്‌തവരെ കുരിശിൻ്റെ വഴിയിലിറക്കി എന്ന വിമർശനമാണ് മുഖപ്രസംഗത്തിൽ ഉന്നയിച്ചിരിക്കുന്നത്.
ഡൽഹിയിൽ കുരിശിൻറെ വഴി വിലക്കിയതും ഇടുക്കി തൊടുപുഴ തൊമ്മൻ കുത്തിൽ കുരിശടി തകർത്ത സംഭവവും ക്രൈസ്തവരെ വേദനിപ്പിക്കുന്നതാണെന്ന് ദീപികയുടെ മുഖപ്രസംഗത്തിൽ പറയുന്നു.
‘ദുഖവെള്ളിക്ക് മുമ്പേ പീഡാനുഭവം’ എന്ന തലക്കെട്ടിൽ എഴുതിയ മുഖപ്രസംഗത്തിലാണ് ഇരു സർക്കാരുകളും ക്രൈസ്തവരെ ദുഖവെള്ളിക്ക് മുൻപേ കുരിശിൻറെ വഴിയിലിറക്കി എന്ന് കുറ്റപ്പെടുത്തലുകളുള്ളത്.
ക്രൈസ്തവരുടെ പ്രതികരണ രീതി ബലഹീനതയായി കരുതേണ്ടതില്ലെന്ന് ഇരു സർക്കാരുകൾക്കും ദീപിക മുഖപ്രസംഗത്തിലൂടെ മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഭരിക്കുന്നവർക്കില്ലാത്ത മതേതരത്വം ഉദ്യോഗസ്ഥർക്കുണ്ടാകില്ലെന്നും കേന്ദ്രത്തിലും കേരളത്തിലും അതാണ് സംഭവിക്കുന്നതെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.
അതേസമയം മതപരിവർത്തനമാരോപിച്ച് കേസ് എടുത്തവരും കുരിശൊടിച്ചവരും അധികാരത്തിമിർപ്പിലാണെന്നും കടുത്ത വിമർശനമുണ്ട്. കൈവശ ഭൂമിയിലെ കുരിശു തകർക്കൽ സർക്കാരിൻറെ അനുമതിയില്ലാതെ നടക്കില്ല.
ഡൽഹിയിലെ കുരിശിൻറെ വഴി തടഞ്ഞതിനെതിരെ പ്രതിഷേധിച്ചവരാണ് തൊമ്മൻകുത്തിൽ കുരിശടി തകർത്തതെന്നും ദീപിക മുഖപ്രസംഗത്തിൽ പറയുന്നു.