ന്യൂഡൽഹി: തെലുങ്ക് നൃത്തസംവിധായകന്‍ ഷൈഖ് ജാനി ബാഷ എന്ന ജാനി മാസ്റ്റര്‍ക്ക് പ്രഖ്യാപിച്ച ദേശീയ അവാര്‍ഡ് കേന്ദ്രം റദ്ദാക്കി. സഹപ്രവര്‍ത്തകയായ 21-കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായതോടെയാണ് നടപടി. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം അവാര്‍ഡ് റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു.(Choreographer Janni Master`s National Award Revoked After Sexual Assault Charges)
‘മേഘം കറുക്കാത’ എന്ന ചിത്രത്തിലെ ‘തിരുചിട്രമ്പലം’ പാട്ടിന്റെ നൃത്തസംവിധാനത്തിനാണ് ജാനി മാസ്റ്റര്‍ക്ക് ദേശിയ അവാര്‍ഡ് ലഭിച്ചത്. ഷൈഖ് ജാനി ബാഷയ്‌ക്കെതിരേ ഉയര്‍ന്നിട്ടുള്ള ആരോപണത്തിന്റെ ഗൗരവവും നടപടികളും കണക്കിലെടുത്ത് അദ്ദേഹത്തിന് പ്രഖ്യാപിച്ച 2022-ലെ മികച്ച നൃത്തസംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം റദ്ദാക്കാന്‍ തീരുമാനിച്ചതായി ഇന്‍ഫര്‍മേഷന്‍ ആന്‍ ബ്രോഡ്കാസ്റ്റിങ് മന്ത്രാലയും നാഷണല്‍ ഫിലിം അവാര്‍ഡ് സെല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. കൂടാതെ ഒക്ടോബര്‍ എട്ടിന് ന്യുഡല്‍ഹിയില്‍ നടക്കുന്ന ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങിനുള്ള ക്ഷണം പിന്‍വലിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
ദേശീയ അവാര്‍ഡ് ദാനചടങ്ങില്‍ പങ്കെടുക്കുന്നതിനായി കഴിഞ്ഞ ദിവസം ജാനി മാസ്റ്റര്‍ ഇടക്കാല ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. ഇതിനുപിന്നാലെയാണ് ഐ ആന്‍ഡ് ബി മന്ത്രാലയത്തിന്റെ അറിയിപ്പ്. സെപ്റ്റംബര്‍ മാസം 16-നാണ് ജാനി മാസ്റ്റര്‍ക്കെതിരേ യുവതി ലൈംഗിക പീഡനാരോപണവുമായി രംഗത്തെത്തിയത്. തുടർന്ന് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 19-നാണ് സൈബരാബാദ് പോലീസ് ഗോവയില്‍ വെച്ചാണ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടിയത്.
ജാനി മാസ്റ്ററുടെ നൃത്തവിദ്യാലയത്തിലെ വിദ്യാര്‍ഥിയായിരുന്നു പരാതിക്കാരിയായ യുവതി. സിനിമ ചിത്രീകരണത്തിനിടെ ചെന്നൈ, മുംബൈ, ഹൈദരാബാദ് മുതലായ സ്ഥലങ്ങളില്‍ വെച്ച് ജാനി മാസ്റ്റര്‍ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. യുവതിയുടെ നര്‍സിങ്കിയിലുള്ള വസതിയില്‍വെച്ചും പലതവണ പീഡിപ്പിച്ചിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.