വയനാട് നൂൽപ്പുഴയിൽ കോളറ ബാധ.കോളറ ബാധിച്ച് യുവതി മരിച്ച നൂൽപ്പുഴ ഗ്രാമപഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിലാണു പ്രവർത്തനങ്ങൾ നടക്കുന്നത്.Cholera outbreak in Nulpuzha : 3 areas made into containment zones
കുടുംബശ്രീ, ട്രൈബൽ വകുപ്പ്, ആശാ വർക്കർമാർ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പ്രതിരോധ പ്രവർത്തനങ്ങൾ. പഞ്ചായത്തിലെ ഉന്നതികളിൽ കുടിവെള്ള സ്രോതസ്സുകളും പരിസരങ്ങളും ശുചീകരിച്ചു.
അതേസമയം, നിലവിൽ പത്തു പേരാണ് ബത്തേരി താലൂക്ക് ആശുപത്രിയിൽ അതിസാരം പിടിപെട്ട് ചികിത്സയിലുള്ളത്. ഇതിൽ ഒരാൾക്കു കോളറ സ്ഥിരീകരിച്ചു. കോളറ റിപ്പോർട്ട് ചെയ്ത തോട്ടാമൂല കുണ്ടാണംകുന്ന് ഉന്നതി അടക്കം മൂന്നു പ്രദേശങ്ങൾ കണ്ടെയ്‌ൻമെന്റ് സോണുകളാക്കി. 209 പേർ നിരീക്ഷണത്തിലാണ്.
59 പേർ കുണ്ടാണംകുന്ന് ഉന്നതിയിലുള്ളവരാണ്. 159 പേർ ഇവരുമായി സമ്പർക്കത്തിലുള്ള ആളുകളാണ്. യുവതിയുടെ മരണാനന്തര ചടങ്ങളുകൾക്കായി എത്തിയവരാണ് ഇവരെല്ലാം. ഇതിൽ 15 പേർ നൂൽപ്പുഴ പഞ്ചായത്തിന് പുറത്തുള്ളവരാണ്.
ഉന്നതിയിലെ 10 പേർ അതിസാരത്തെ തുടർന്ന് ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. നൂൽപ്പുഴ തോട്ടാമൂല കുണ്ടാണംകുന്ന് പണിയ ഉന്നതിയിൽ യുവതി കോളറ ബാധിച്ച് മരിക്കുകയും മറ്റൊരാൾക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത സംഭവത്തിലാണ് ഇവരുമായി സമ്പർക്കത്തിൽ വന്ന 209 പേർ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്.
കോളനിക്കു സമീപത്തെ കോളിപ്പാളി ഉന്നതിയിലെ ഒരാളും അതിസാരത്തെ തുടർന്ന് ചികിത്സ തേടി. ഇവരുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. കോളറ റിപ്പോർട്ട് ചെയ്തതോടെ കുണ്ടാണംകുന്ന്, തിരുവണ്ണൂർ, ലക്ഷംവീട് എന്നിവിടങ്ങൾ കണ്ടെയ്‌ൻമെന്റ് സോണാക്കി പ്രഖ്യാപിച്ചു.