അമേരിക്കയുടെ ട്രഷറി വകുപ്പിന്റെ കംപ്യൂട്ടർ ശൃംഖലയില്‍ ഹാക്കർമാർ കടന്നു കൂടിയതായി റിപ്പോർട്ട്. ചൈനീസ് ഹാക്കർമാർ കടന്നുകയറി രേഖകൾ മോഷ്ടിച്ചതയാണ് സൂചന. ഇതു സംബന്ധിച്ച് ട്രഷറി വകുപ്പ് ജനപ്രതിനിധി സഭാംഗങ്ങൾക്ക് അയച്ച കത്ത് ഉദ്ധരിച്ച് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.Chinese hackers attack US Treasury Department computer network
എന്നാൽ രഹസ്യസ്വഭാവമില്ലാത്തതും നിലവിൽ പൊതുജനങ്ങൾക്ക് ലഭ്യമായിട്ടുള്ളതുമായ (അൺക്ലാസിഫൈഡ്) രേഖകളാണ് ഹാക്കർമാർക്കു ലഭിച്ചതെന്നു കത്തിൽ പറയുന്നു. ‘‘തേർഡ് പാർട്ടി സൈബർ സെക്യൂരിറ്റി സേവനദാതാവായ ബിയോണ്ട് ട്രസ്റ്റിന്റെ സേവനങ്ങൾ ഇപ്പോൾ ഓഫ്‌ലൈൻ ആക്കിയിട്ടുണ്ട്. ബിയോണ്ട് ട്രസ്റ്റിനെ മറികടന്ന് ട്രഷറി വിഭാഗത്തിന്റെ സെർവറുകളിൽ ഹാക്കർമാർ കടന്നു കയറിയെന്നതിനു നിലവിൽ തെളിവുകളില്ല.’’– ട്രഷറി വിഭാഗം വക്താവ് അറിയിച്ചു.
ഡിസംബർ എട്ടിനാണ് ട്രഷറി വകുപ്പ് വിവരം അറിഞ്ഞത്. സംഭവത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു വകുപ്പും അന്വേഷണം നടത്തുന്ന എഫ്ബിഐയും ഇതുവരെ മറുപടി നൽകിയിട്ടെന്നും റോയിട്ടേഴ്സിന്റെ റിപ്പോർട്ടിൽ പറയുന്നു.