ഏലിയാസ് ഐസക്ക്
ഇടുക്കി: ആദിവാസി ക്ഷേമത്തിനായി വനംവകുപ്പ് മറയൂർ ഡിവിഷൻ തുടങ്ങിയ ചില്ല ലേലവിപണിയിലൂടെ നല്ല വരുമാനം കിട്ടിയപ്പോൾ ആദിവാസികളുടെ സാമ്പത്തിക സ്ഥിതിയും ജീവിതവും മാറി. ഉത്പന്നങ്ങളുടെ മൂല്യത്തെപ്പറ്റി അവർ മനസിലാക്കി.
കുടിലുകൾക്ക് പകരം നല്ല വീടുകളുണ്ടായി. ടി.വി, മൊബെെൽ ഫോൺ, വാഹനങ്ങൾ, നല്ല വസ്ത്രങ്ങൾ, ബ്രാൻഡഡ് വസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ തുടങ്ങി. ഉത്പന്നങ്ങളുമായി വിൽപ്പനയ്ക്കെത്തുന്നവരിൽ ഭൂരിഭാഗവും കൃത്യമായി കണക്കുകൂട്ടാൻ പഠിച്ചു.
പണം കെെയിൽ വയ്ക്കുന്നതിന് പകരം ബാങ്കിലിടാനും നിക്ഷേപിക്കാനും തുടങ്ങി. ചില്ല തുടങ്ങുമ്പോഴുള്ള 20 പേർക്ക് പകരം ഇപ്പോൾ അക്കൗണ്ടുള്ളവർ 300 ഓളമാണ്. ആഴ്ചയിലൊരു ദിവസം ചില്ലയിലെത്തുന്നവർ മുഖ്യധാരാ സമൂഹവുമായി ഇടപെടാൻ തുടങ്ങി. ചിന്നാർ ഉൾപ്പെടെ വിവിധ കോളനികളിലുള്ളവർ തമ്മിലും ബന്ധമുണ്ടായി.ചില്ലയുടെ തുടക്കത്തിൽ ഉത്പന്നങ്ങളുമായി ആദിവാസി സ്ത്രീകൾ വന്നിരുന്നില്ല.
വീട്ടുകാര്യങ്ങൾ മാത്രം നോക്കി കഴിയുകയായിരുന്നു. പുരുഷന്മാർക്കായിരുന്നു കുടുംബത്തിലും വിപണിയിലും മേൽക്കെെ. ഇപ്പോൾ വിവിധ കോളനികളിൽ നിന്ന് 300ലധികം ആദിവാസി സ്ത്രീകൾ ചില്ലയിലെത്താറുണ്ട്. അവർ ശേഖരിക്കുന്ന വനവിഭവങ്ങൾ അവർതന്നെ വിൽക്കുന്നു. സ്ത്രീകളുടെ പേരിലും ഇപ്പോൾ ബാങ്ക് അക്കൗണ്ടുകളുണ്ട്.
ആഗ്രഹങ്ങൾ മനസിലടക്കിയിരുന്നവർ പതുക്കെ അവ സാക്ഷാത്കരിക്കാൻ തുടങ്ങി. ആഴ്ചയിലൊരിക്കൽ കാടു വിട്ടിറങ്ങുമ്പോൾ തങ്ങൾക്കിഷ്ടപ്പെട്ട വസ്ത്രങ്ങളും വീട്ടുസാധനങ്ങളും മറ്റും വാങ്ങുന്നു. തീരുമാനങ്ങളെടുക്കാനും പ്രാപ്തരായിത്തുടങ്ങി.
പണം പുരുഷന്മാർ മാത്രം കെെകാര്യം ചെയ്തിരുന്നപ്പോൾ വരുമാനത്തിൽ ഭൂരിഭാഗവും ലഹരിവസ്തുക്കൾക്കായാണ് ചെലവഴിക്കപ്പെട്ടത്. ഇത് കുടുംബങ്ങളിൽ സാമ്പത്തിക അരക്ഷിതത്വം ഉണ്ടാക്കിയിരുന്നു.
ചില്ലയിലൂടെ സ്ത്രീകളിലുണ്ടായ സാമ്പത്തിക സ്വാതന്ത്ര്യം സ്ഥിതി മാറ്റി. വീടുകളിൽ ഒതുങ്ങിയിരുന്ന സ്ത്രീകൾക്കും ടൗണിലെത്താനും സാധനങ്ങൾ വാങ്ങാനും മുഖ്യധാരാ സമൂഹവുമായി ഇടപഴകാനും കഴിഞ്ഞു. ജീവിതത്തോടുളള കാഴ്ചപ്പാടും മാറിത്തുടങ്ങി
മറയൂര്‍ മേഖലയിലെ ഇരുപതോളം കുടികളില്‍ നിന്നും മുന്നൂറോളം കര്‍ഷകരാണ് കാര്‍ഷിക വിളകള്‍ മാര്‍ക്കറ്റിലെത്തിച്ച് വില്‍പ്പന നടത്തുന്നത്.
മറയൂര്‍ മേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്ന ആദിവാസി കുടികളില്‍ വിഷമയമില്ലാത്ത ഗുണമേന്മയുള്ള പച്ചക്കറിയും മറ്റും കര്‍ഷകര്‍ ധാരാളമായി ഉല്‍പ്പാദിപ്പിക്കുമ്പോഴും വിറ്റഴിക്കുന്നതിനുവേണ്ട സംവിധാനമില്ലാത്തതിനാല്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ഇടനിലക്കാരാണ് കുടികളിലെത്തി ഇവ വാങ്ങിയിരുന്നത്. അതുകൊണ്ട് പച്ചക്കറിയുടെ വില നിശ്ചയിച്ചിരുന്നതും ഇവര്‍ തന്നെയാണ്. വിപണിയില്‍ വില അധികമായി ലഭിക്കുമ്പോഴും കര്‍ഷകര്‍ക്ക് ന്യായവില ലഭിച്ചിരുന്നില്ല.
മറയൂർ കാട്ടിൽ വിളയുന്ന കൂർക്ക ഗോത്രസമൂഹത്തിന് നൽകിയത് കോടികളുടെ വരുമാനമാണ്. കഴിഞ്ഞവർഷം നവംബർ മുതൽ 2024 മാർച്ച് വരെ 1066 ടൺ കാട്ടുകൂർക്കയാണ് മറയൂരിലെ ആറ് കുടികളിെല കൃഷിഭൂമിയിൽ വിളഞ്ഞത്. മറയൂർ സാൻഡൽ ഡിവിഷന്റെ ചില്ല ലേലവിപണിയിൽ ജൈവ കൂർക്ക വിറ്റപ്പോൾ ലഭിച്ചത് 3.31 കോടി രൂപ. കുടികളിലെ 250 കർഷകർക്കാണ് ഈ തുക ലഭിക്കുക.
കാട്ടിൽ കിളിർത്തുകിടന്ന കൂർക്ക ആദ്യം ആരും ശ്രദ്ധിച്ചില്ല. രണ്ടുവർഷം കുടികളിലെ ചില കർഷകർ ഇത് തങ്ങളുടെ ഭൂമിയിൽ നട്ടു. നല്ല വിളവ് കിട്ടി. വിപണിയിലെത്തിച്ചപ്പോൾ പെട്ടെന്ന് വിറ്റുപോയി. വാങ്ങിയവർ ഇതിന്റെ ഗുണമേന്മ മനസ്സിലാക്കി വീണ്ടുമെത്തിയപ്പോഴാണ് വ്യാപകമായി കൃഷി ചെയ്യാൻ തീരുമാനിച്ചത്.
മറയൂർ പഞ്ചായത്തിലെ കവക്കുടി, പെരിയകുടി, നെല്ലിപ്പെട്ടി, വേങ്ങാപ്പാറ, കമ്മാളം കുടി, ഇരുട്ടളക്കുടി എന്നീ ആദിവാസി ഊരുകളിലെ 500 ഏക്കറിൽ അധികം ഭൂമിയിൽ കൃഷി തുടങ്ങി. വലിയ വിളവുണ്ടായി. ഇതെങ്ങിനെ വിറ്റഴിക്കുമെന്ന് ഓർത്ത് ആശങ്കയും. അപ്പോൾ വനംവകുപ്പ് തുണയായി. ‘കാട്ടുകൂർക്ക’ എന്ന് പേരിട്ടു.
ആദിവാസി സമൂഹത്തിന്റെ കാർഷികോത്പന്നങ്ങൾ ലേലംചെയ്യാൻ സജ്ജമാക്കിയ ചില്ല ലേലവിപണിയിലൂടെ വിറ്റഴിച്ചു. തരിശ് ഭൂമിയിൽ കൂർക്ക കൃഷി തുടങ്ങി.
ആദ്യമായി ഇത്തവണയാണ് വിളവ് 1000 ടണ്ണിന് മുകളിലെത്തുന്നത്. ‘ചില്ല’യിലൂടെ അത് കണ്ണടച്ച് തുറക്കും വിറ്റുപോയി. ചില്ലയുടെ ചെറിയൊരു കമ്മിഷൻ ഒഴികെ ബാക്കി തുക കർഷകർക്ക് നൽകി.
ഇപ്പോൾ കാട്ടുകൂർക്ക ബ്രാൻഡ് ചെയ്യാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. കാന്തല്ലൂർ പഞ്ചായത്തിലും കാട്ടുകൂർക്ക കൃഷിചെയ്ത് തുടങ്ങി. എല്ലാ വ്യാഴാഴ്ചകളിലും ചില്ല ലേല വിപണി ഉണ്ട്. 20 ടണ്ണിൽ കൂടുതൽ ഒരു ദിവസം വിപണിയിലെത്തിക്കാറില്ല. ലഭ്യത കൂടുമ്പോൾ വിലകുറയാൻ സാധ്യതയുണ്ട്. ആ സാഹചര്യം ഒഴിവാക്കാനാണ് വനസംരക്ഷണസമിതി ഇൗ തീരുമാനമെടുത്തത്. ഒരുകിലോ കൂർക്കയ്ക്ക് 40 രൂപ മുതൽ 90 രൂപ വരെ വില ലഭിക്കുന്നുണ്ട്. കേരളത്തിലെ വിവിധ സ്ഥലങ്ങളിലെ വ്യാപാരികൾ കൂർക്ക വാങ്ങുന്നതിനായി മറയൂരിൽ എത്തുന്നുണ്ട്.
കിഴങ്ങ് വർഗത്തിൽപ്പെട്ട കൂർക്ക രുചികരവും പോഷകസമൃദ്ധവുമാണ്. മറ്റ് മേഖലകളിൽ ഉരുണ്ട രൂപത്തിലാണ് കൂർക്ക എങ്കിൽ മറയൂരിലെ കാട്ടുകൂർക്ക നീളത്തിലുള്ള വെള്ളത്തലയനാണ്. നല്ല വളക്കൂറും നീർവാർച്ചയമുള്ള മണ്ണായതിനാൽ മറയൂരിൽ നന്നായി വിളയും. മറയൂർ മേഖലയിൽ വർഷത്തിൽ ഒരിക്കൽ മാത്രമാണ് കൃഷി. ജൂലായ് മുതൽ കൃഷിചെയ്യാം.
മൂന്നുമാസത്തിനുള്ളിൽ വിളവ് ലഭിക്കും. മാർച്ച് വരെ വിളവെടുപ്പുണ്ടാകും. കന്നുകാലികളുടെ ചാണകം, ആട്ടിൻ കാഷ്ടം എന്നിവ മാത്രമാണ് വളമായി ഉപയോഗിക്കുന്നത്. ചെറുകിഴങ്ങുകൾ നട്ട് മുളപ്പിച്ച് അതിൻറെ തലപ്പാണ് ഒടിച്ചുകുത്തുന്നത്.
ചില്ല ചന്തയിൽ കന്നുകാലി കച്ചവടവും തുടങ്ങിയിട്ടുണ്ട്. ഇന്നലെ രണ്ടു കന്നുകാലികളെ ആണ് വിറ്റത്.