തിരുവനന്തപുരം: ഉരുൾപൊട്ടലിനെ തുടർന്ന് ദുരന്ത ഭൂമിയായി മാറിയ വയനാടിനെ പുനർനിർമ്മിക്കാനുള്ള പ്രത്യേക ദൗത്യത്തിന്റെ തലവനായി ചീഫ് സെക്രട്ടറി ഡോ. വി വേണുവിനെ നിയോഗിക്കും. ഈ മാസം 31ന് ആണ് ഡോ. വി വേണു ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിക്കുന്നത്. വയനാട്ടിൽ 4000 കോടി ചെലവിൽ കൂറ്റൻ ടൗൺഷിപ്പുണ്ടാക്കി ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം.(Chief Secretary V Venu will be the head of ‘Rebuild Wayanad’)
ഇതിനായി റീബിൽഡ് വയനാട് എന്ന പേരിൽ പ്രത്യേക അതോറിട്ടി രൂപീകരിക്കും. കേന്ദ്രവുമായും സംസ്ഥാനത്തെ വിവിധ വകുപ്പുകളുമായും ഏകോപിച്ച്, അടിയന്തരവും സുപ്രധാനവുമായ തീരുമാനങ്ങൾ കൈക്കൊള്ളേണ്ടതിനാലാണ് ക്യാബിനറ്റ് പദവി നൽകുക എന്നാണ് സൂചന. പുനരധിവാസം സംബന്ധിച്ച് വിശദ റിപ്പോർട്ട് കേന്ദ്രത്തിന് കൈമാറുക, കേന്ദ്രപാക്കേജ് നേടിയെടുക്കുക, സമയബന്ധിതമായി ടൗൺഷിപ്പ് നിർമ്മാണം പൂർത്തിയാക്കി ദുരന്തബാധിതരെ പുനരധിവസിപ്പിക്കുക എന്നീ ചുമതലകൾ വേണുവിനായിരിക്കും.
2018 ലെ മഹാപ്രളയത്തിന് ശേഷമുള്ള റീബിൽഡ് കേരള സി.ഇ.ഒയുടെ ചുമതലയും വേണു മുൻപ് വഹിച്ചിട്ടുണ്ട്. കേന്ദ്ര ടൂറിസം ഡെപ്യൂട്ടി സെക്രട്ടറി, സാംസ്‌കാരികവകുപ്പ് ജോയിന്റ് സെക്രട്ടറി, ഡൽഹി നാഷണൽ മ്യൂസിയം തലവൻ തുടങ്ങിയ നിലകളിൽ കേന്ദ്ര ഡെപ്യൂട്ടേഷനിലും പ്രവർത്തിച്ചിട്ടുണ്ട്.
റവന്യൂ, തദ്ദേശം, കൃഷി, മൃഗസംരക്ഷണം, വൈദ്യുതി, പൊതുമരാമത്ത്, ഇറിഗേഷൻ, വനം വകുപ്പുകൾ സംയുക്തമായാണ് വയനാട്ടിലെ പുനരധിവാസം നടപ്പാക്കേണ്ടത്. ദുരന്തബാധിത മേഖലയുടെ പുനർനിർമ്മാണത്തിന് 2000 കോടിയും, നഷ്ടപരിഹാരത്തിന് 1200 കോടിയും വേണ്ടിവരുമെന്ന പ്രാഥമിക കണക്കാണ് കേന്ദ്രസംഘത്തിന് കേരളം നൽകിയിട്ടുള്ളത്. ജീവിതോപാധി ഒരുക്കാനടക്കം 4000 കോടി ആകെ വേണ്ടിവരും. വിശദമായ കണക്കെടുപ്പിന് ശേഷമേ നഷ്ടത്തിന്റെ യഥാർത്ഥ വ്യാപ്തി നിശ്ചയിക്കാനാവൂ. ദേശീയ ദുരന്തം ലെവൽ മൂന്ന് പ്രകാരം സഹായധനം വേണമെന്നാണ് കേരളത്തിന്റെ നിലപാട്. ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് പരമാവധി തുക വേണമെന്നും കേരളം ആവശ്യപ്പെടുന്നുന്നുണ്ട്.
കേന്ദ്രവിഹിതം നേടിയെടുക്കുന്നതിന് പുറമേ മറ്റ് സഹായങ്ങൾ കൂടി കേരളം ആവശ്യപ്പെടുന്നുണ്ട്. ജീവനോപാധി നഷ്ടപ്പെട്ട കുടുംബത്തിലെ പ്രായപൂർത്തിയായ 2പേർക്ക് പ്രതിദിനം 300 രൂപ നിരക്കിൽ 30 ദിവസത്തേക്ക് നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇത് 90 ദിവസമായി നീട്ടി തുക അനുവദിക്കണം. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള മിനിമം തൊഴിൽ ദിനങ്ങൾ 100ൽ നിന്ന് 150 ആക്കണം. പുനർനിർമ്മാണത്തിന് തവണകളായാവും കേന്ദ്രം പണം നൽകുക.
ഡോ. വി. വേണു ഈ മാസം 31ന് വിരമിക്കുമ്പോൾ തദ്ദേശ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയും അദ്ദേഹത്തിന്റെ ഭാര്യയുമായ ശാരദ മുരളീധരനെയാണ് അടുത്ത ചീഫ് സെക്രട്ടറിയായി പരിഗണിക്കുന്നത്.









