പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ
കോട്ടയം: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി സർക്കാർ ഭൂമിയായി കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റിൽ സംസ്ഥാന സർക്കാരിന് അവകാശമില്ലെന്ന് പാലാ സബ് കോടതി വിധിച്ചു.
ഈ ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ ഹർജി കോടതി തള്ളുകയായിരുന്നു.
ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥരായ ഗോസ്പൽ ഫോർ ഏഷ്യയുടെ അനുബന്ധ സംഘടനയായ അയന ചാരിറ്റബിൾ ട്രസ്റ്റ് സമർപ്പിച്ച ഹർജിയിലാണ് കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചത്.
ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് സംസ്ഥാന സർക്കാരും അയന ചാരിറ്റബിൾ ട്രസ്റ്റും തമ്മിൽ നിലനിന്ന കേസിലാണ് നിർണായകമായ വിധി വന്നത്.
ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി എരുമേലി മണിമല വില്ലേജിലെ ചെറുവള്ളി എസ്റ്റേറ്റും സമീപ പ്രദേശങ്ങളും ഉൾപ്പെടെ 2570 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനായി സർക്കാർ പുറപ്പെടുവിച്ച പ്രാഥമിക വിജ്ഞാപനം നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു.
ഭൂമി ഏറ്റെടുക്കലിനെതിരെ രേഖപ്പെടുത്തുന്നതിനായി ഏപ്രിൽ 25ന് പ്രസിദ്ധീകരിച്ച വിജ്ഞാപനമായിരുന്നു ഇത്.
വലിയ അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്കു പോലും 1200 ഏക്കർ ഭൂമി മതിയെന്നിരിക്കെ, ശബരിമല വിമാനത്താവളത്തിനായി ഇത്രയധികം ഭൂമി എന്തിനാണെന്ന ചോദ്യം ഹൈക്കോടതി ഉന്നയിച്ചിരുന്നു.
ആവശ്യമായ ഭൂമിയേക്കാൾ ഇരട്ടി സ്ഥലം എന്തുകൊണ്ട് വേണമെന്ന് സർക്കാർ വിശദീകരിച്ചില്ലെന്നതാണ് കോടതിയുടെ പ്രധാന വിമർശനം.
2013ലെ ഭൂമിയേറ്റെടുക്കൽ നിയമപ്രകാരം, ഒരു പദ്ധതിക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ അളവിലുള്ള ഭൂമി മാത്രമേ ഏറ്റെടുക്കാവൂ എന്ന നിർണായക വ്യവസ്ഥ സർക്കാർ ലംഘിച്ചുവെന്ന കണ്ടെത്തലിലാണ് ജസ്റ്റിസ് സി. ജയചന്ദ്രൻ സർക്കാർ വിജ്ഞാപനം രണ്ടാമതും റദ്ദാക്കിയത്.
എരുമേലി തെക്ക്, മണിമല വില്ലേജുകളിലെ 2263 ഏക്കർ ചെറുവള്ളി എസ്റ്റേറ്റ് ഉൾപ്പെടെ 2570 ഏക്കർ ഏറ്റെടുക്കാനുള്ള നടപടികളാണ് കോടതി അസാധുവാക്കിയത്.
English Summary
The Pala Sub Court has ruled that the Kerala government has no ownership rights over the Cheruvally Estate, which was identified for the proposed Sabarimala Greenfield Airport.









