കൊച്ചി: പറവൂർ ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ഋതു ജയനെ (27) രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്ത് കോടതി. സംഭവ സമയത്ത് പ്രതി ലഹരി ഉപയോഗിച്ചിരുന്നതായി തെളിഞ്ഞില്ലെന്നു പൊലീസ് വ്യക്തമാക്കി. പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്നും പൊലീസ് അറിയിച്ചു.(Chendamangalam Triple Murder; accused remanded)
മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കാൻ കൊണ്ടു വരുമ്പോൾ പ്രതിക്കു നേരെ നാട്ടുകാരുടെ കൈയേറ്റ ശ്രമമുണ്ടായി. നടപടികൾ പൂർത്തിയായി പുറത്തിറങ്ങിയപ്പോഴും ജനരോക്ഷം ഉണ്ടായി. തുടർന്ന് പൊലീസ് ഏറെ ശ്രമകരമായാണ് പ്രതിയെ വാഹനത്തിൽ കയറ്റിയത്. പ്രതിയ്ക്ക് കേരളത്തിനു പുറത്തു എന്തെങ്കിലും കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ, ലഹരി ഇടപാടുകളിൽ ഭാഗമായിട്ടുണ്ടോ എന്നതെല്ലാം തെളിയേണ്ടതുണ്ടെന്നു ഡിവൈഎസ്പി എസ് ജയകൃഷ്ണൻ പ്രതികരിച്ചു.
പ്രതി അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. കാര്യങ്ങൾ പറയുന്നുണ്ട്. പറഞ്ഞതെല്ലാം സത്യമാണോ അല്ലയോ എന്നതെല്ലാം പരിശോധിക്കേണ്ടതുണ്ട്. വിശദമായ ചോദ്യം ചെയ്യലും പരിശോധനകളും പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ ശേഷമേ നടത്താൻ സാധിക്കു എന്നും ഡിവൈഎസ്പി പറഞ്ഞു.