നരേന്ദ്ര മോദിയുടെ ബിരുദം വെളിപ്പെടുത്തേണ്ട; വിവരാവകാശ കമ്മിഷന്റെ ഉത്തരവ് റദ്ദാക്കി ഡല്‍ഹി ഹൈക്കോടതി
ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിടാൻ ഡൽഹി സർവകലാശാലയോട് നിർദേശിച്ച കേന്ദ്ര വിവരാവകാശ കമ്മിഷന്റെ (CIC) ഉത്തരവ് റദ്ദാക്കി ഡൽഹി ഹൈക്കോടതി.
2017-ൽ ആർടിഐ അപേക്ഷ നൽകിയ ഒരാൾക്ക് മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകണമെന്ന് CIC സർവകലാശാലയോട് നിർദേശിച്ചിരുന്നു.
എന്നാൽ, സർവകലാശാല സമർപ്പിച്ച അപ്പീലിന്മേലാണ് ഹൈക്കോടതി ഇപ്പോൾ വിധി പറഞ്ഞിരിക്കുന്നത്. ജസ്റ്റിസ് സച്ചിൻ ദത്തയാണ് കമ്മിഷന്റെ ഉത്തരവ് റദ്ദാക്കിയത്.
“കേന്ദ്ര വിവരാവകാശ കമ്മിഷന്റെ ഉത്തരവ് റദ്ദാക്കുന്നു” എന്നാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിയിൽ വ്യക്തമാക്കുന്നത്.
1978-ൽ ഡൽഹി സർവകലാശാലയിൽ നിന്ന് ബി.എ. പൊളിറ്റിക്കൽ സയൻസ് ബിരുദം നേടിയതായാണ് പ്രധാനമന്ത്രി മോദിയെക്കുറിച്ച് പറയുന്നത്.
അതേ വർഷം ബിരുദം നേടിയ വിദ്യാർത്ഥികളുടെ വിവരങ്ങൾ പുറത്തുവിടണമെന്നായിരുന്നു ആർടിഐ അപേക്ഷകന്റെ ആവശ്യം.
2016-ൽ മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, പ്രധാനമന്ത്രി മോദിയുടെ വിദ്യാഭ്യാസ യോഗ്യതകൾ പരസ്യമാക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് വിഷയം പൊതുചർച്ചയായി മാറിയത്.
തന്റെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ മോദി 1978-ൽ ഡൽഹി സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബി.എ. ബിരുദം നേടിയതായി വ്യക്തമാക്കിയിട്ടുണ്ട്.
ഡൽഹി സർവകലാശാലയുടെ പൂർവ വിദ്യാർത്ഥി ഇപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രിയാണ്; നരേന്ദ്രമോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് കോടതിയിൽ ഹാജരാക്കും
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് സംബന്ധിച്ച് വ്യക്തമായ നിലപാട് എടുത്ത് ഡൽഹി സർവകലാശാല.
നരേന്ദ്രമോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് കോടതിയിൽ ഹാജരാക്കാമെന്നും എന്നാൽ അപരിചിതർക്ക് അത് നൽകാനാകില്ലെന്നുമാണ് ഡൽഹി സർവകലാശാലയുടെ അറിയിപ്പ്.
ഇന്നലെയാണ് മോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് സംബന്ധിച്ച നിലപാട് സർവകലാശാല ഡൽഹി ഹൈക്കോടതിയിൽ അറിയിച്ചത്.
ളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് സർവകലാശാലക്ക് വേണ്ടി ഡൽഹി ഹൈക്കോടതിയിൽ ഹാജരായത്.
ഡൽഹി സർവകലാശാലയുടെ പൂർവ വിദ്യാർത്ഥി ഇപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രിയാണെന്ന് തുഷാർമേത്ത ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ ബിരുദ സർട്ടിഫിക്കറ്റ് പരിശോധിക്കണമെന്നാണ് ആക്ടിവിസ്റ്റ് നീരജ് ശർമ്മ ആവശ്യപ്പെടുന്നത്.
എന്നാൽ തങ്ങൾക്ക് മറച്ചുവയ്ക്കാൻ ഒന്നുമില്ലെന്ന് വ്യക്തമാക്കിയ തുഷാർ മേത്ത, 1978ലെ ബി.എ സർട്ടിഫിക്കറ്റ് കോടതിയെ കാണിക്കാമെന്നും പറഞ്ഞു.
പക്ഷെ രാഷ്ട്രീയലക്ഷ്യത്തോടെ വരുന്ന അപരിചിതർക്ക് സർട്ടിഫിക്കറ്റ് പരിശോധന അനുവദിക്കാൻ കഴിയില്ലെന്നും സോളിസിറ്റർ ജനറൽ വ്യക്തമാക്കി.
1978ൽ മോദി പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയതിന്റെ വിവരങ്ങളാണ് വിവരാവകാശ നിയമം മുഖേന സർവകലാശാലയോട് ആക്ടിവിസ്റ്റ് നീരജ് ശർമ്മ ആവശ്യപ്പെട്ടത്.
തുടർന്ന്കേന്ദ്ര വിവരാവകാശ കമ്മിഷനും വിവരങ്ങൾ കൈമാറാൻ സർവകലാശാലയ്ക്ക് നിർദ്ദേശം നൽകിയിരുന്നു.
2017ലെ ഈ നടപടിക്കെതിരെ ഡൽഹി സർവകലാശാല ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വാദമുഖങ്ങൾ പൂർത്തിയായതിനാൽ ജസ്റ്റിസ് സച്ചിൻ ദത്ത ഹർജിയിൽ വിധി പറയാൻ മാറ്റി.