ആശമാര്‍ക്ക് കേന്ദ്രത്തിന്റെ കൈത്താങ്ങ്
തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ ഇന്‍സന്റീവ് വർധിപ്പിച്ച് കേന്ദ്ര സർക്കാർ. പ്രതിമാസ ഇന്‍സന്റീവ് 2000 രൂപയില്‍നിന്ന് 3500 രൂപയായാണ് വര്‍ധിപ്പിച്ചത്.
കേന്ദ്ര ആരോഗ്യമന്ത്രാലയം ലോക്‌സഭയിലാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ കടുത്ത അവഗണനയില്‍ നിരാശരായ ആശമാര്‍ക്ക് ഏറെ ആശ്വാസമാണിത്. മാര്‍ച്ച് 4ന് ചേര്‍ന്ന് മിഷന്‍ സ്റ്റീറിങ് ഗ്രൂപ്പ് യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.
അതേസമയം ഇന്‍സന്റീവ് ലഭിക്കുന്നതിനുള്ള ഉപാധികളും പുനക്രമീകരിച്ചിട്ടുണ്ട്. 10 വര്‍ഷം സേവനമനുഷ്ഠിച്ച ശേഷം പിരിഞ്ഞു പോകുന്നവര്‍ക്കുള്ള ആനുകൂല്യം കേന്ദ്രസര്‍ക്കാര്‍ 20,000 രൂപയില്‍നിന്ന് 50,000 രൂപയാക്കി വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
എന്‍.കെ.പ്രേമചന്ദ്രന്‍ എംപിക്കു നല്‍കിയ മറുപടിയിലാണ് കേന്ദ്രം ഇൻസെന്റീവ് വർധിപ്പിച്ച കാര്യം അറിയിച്ചത്.
ആശമാർ ദിവസങ്ങളായി സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം തുടരുകയാണ്. എന്നാല്‍ ഒരു തരത്തിലുള്ള അനുകൂല സമീപനവും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വന്നിട്ടില്ല.
ഇതിനിടയിലാണ് ആശമാരുടെ ഇന്‍സന്റീവും വിരമിക്കല്‍ ആനുകൂല്യവും വര്‍ധിപ്പിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാർ തീരുമാനമെടുത്തത്. ആശമാരുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സുരേഷ് ഗോപി എംപി കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ക്ഷേമ പെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലൈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ ആരംഭിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപ വീതം വിതരണം ചെയ്യുക.
പെൻഷൻ വിതരണത്തിനായി 831 കോടി രൂപ അനുവദിച്ചുവെന്നും ധനമന്ത്രി അറിയിച്ചു. 26 ലക്ഷത്തിലേറെ പേർക്ക് ബാങ്ക് അക്കൗണ്ട് വഴി പെൻഷൻ തുക വിതരണം ചെയ്യും.
മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8.46 ലക്ഷം പേർക്കുള്ള ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ് നൽകേണ്ടത്. ഇതിനാവശ്യമായ 24.31 കോടി രൂപയും സംസ്ഥാന സർക്കാർ മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്.
ഈ വിഹിതം കേന്ദ്ര സർക്കാരിന്റെ പിഎഫ്‌എംഎസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് വിതരണം ചെയ്യേണ്ടത്.
ഐപിഎസ് തലപ്പത്ത് അഴിച്ചുപണി
തിരുവനന്തപുരം: ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ജില്ലാ പൊലീസ് മേധാവിമാരെ ഉൾപ്പെടെ മാറ്റിയത്. ആകെ 11 പേർക്കാണ് മാറ്റം.
കൊല്ലം റൂറൽ പൊലീസ് മേധാവിയായി നിലവിലെ ഇടുക്കി ജില്ലാ പൊലീസ് മേധാവിയായ വിഷ്ണു പ്രദീപിനെ നിയമിച്ചു.
കൊല്ലം റൂറലിൽ നിന്നു സാബു മാത്യുവിനെ ഇടുക്കിയിലേക്കും ആണ് നിയമിച്ചത്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വി.ജി. വിനോദ് കുമാറിനെ അവിടെ നിന്നും മാറ്റി പൊലീസ് ആസ്ഥാനത്ത് എഐജിയായി നിയമിച്ചു. ആർ. ആനന്ദിനെയാണ് പുതിയ പത്തനംതിട്ട എസ്പിയായി നിയമിച്ചിരിക്കുന്നത്.
അതിനിടെ, പോക്സോ കേസിലെ അട്ടിമറിയുമായി ബന്ധപ്പെട്ട് ഗുരുതര വീഴ്ചയുണ്ടായതിൽ സ്ഥലംമാറ്റത്തിന് ശുപാർശ ചെയ്ത പത്തനംതിട്ട എസ്‌പി വി.ജി.വിനോദ് കുമാറിനെ ഉയർന്ന പോസ്റ്റിൽ നിയമിച്ചതിൽ വൻ വിവാദമാണ് ഉയരുന്നത്.
ഹൈക്കോടതി അഭിഭാഷകൻ നൗഷാദ് തോട്ടത്തിൽ പ്രതിയായ പത്തനംതിട്ട പോക്സോ കേസിൽ വിനോദിന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് ഡിഐജി അജിത ബീഗം റിപ്പോർട്ട് സമർപ്പിച്ചിരുന്നത്.
ഇതേ തുടർന്ന് വിനോദിനെ സ്ഥലംമാറ്റാൻ ഐജി ശുപാർശ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വിനോദ് കുമാറിനെ പൊലീസ് ആസ്ഥാനത്ത് എഐജിയായി നിയമിച്ചത്.
Summary: The Central Government has increased the monthly incentive for ASHA workers from ₹2000 to ₹3500. The announcement was made by the Ministry of Health in the Lok Sabha. This move aims to recognize the vital role played by ASHA workers in the healthcare system.









