കൊച്ചി: കളമശേരി കൂനംതൈയിൽ ഒറ്റയ്‌ക്ക് താമസിച്ചിരുന്ന പെരുമ്പാവൂർ സ്വദേശിനി ജെയ്‌സിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ കുടുക്കിയത് കുടവയറിന്റെ സിസിടിവി ദൃശ്യങ്ങൾ. പിടിക്കപ്പെടാതിരിക്കാൻ മുഖ്യപ്രതി ഗിരീഷ് ബാബു മുൻകരുതലുകൾ പലതും സ്വീകരിച്ചിരുന്നെങ്കിലും ഇയാൾക്ക് വിനയായത് സ്വന്തം കുടവയർ തന്നെയാണ്. ഗിരീഷ് ബാബു, കാമുകിയായ ഖദീജ എന്നിവരാണ് കേസിലെ പ്രതികൾ.
ജെയ്‌സിയുടെ മൃതദേഹം കണ്ടെടുത്ത അന്നുതന്നെ അപ്പാർട്ട്‌മെന്റിന് സമീപത്തേക്ക് ഒരാൾ ഹെൽമറ്റ് ധരിച്ച് ചെല്ലുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തിരുന്നു. കുറച്ച് സമയത്തിന് ശേഷം ഇയാൾ മറ്റൊരു ടി-ഷർട്ട് ധരിച്ച് ഹെൽമറ്റ് ധരിച്ച് മടങ്ങി പോകുന്നതിന്റെ ദൃശ്യങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു.
സിസിടിവി ദൃശ്യങ്ങൾ ജെയ്‌സിക്കൊപ്പം നേരത്തെ താമസിച്ചിരുന്ന സ്ത്രീകളെ കാണിച്ചതോടെയാണ് ദൃശ്യത്തിലുള്ളത് ഗിരീഷാണെന്ന് തിരിച്ചറിഞ്ഞത്. ശരീരപ്രകൃതവും കുടവയറുമാണ് ഇയാളെ തിരിച്ചറിയാൻ സഹായമായെന്ന് പൊലീസ് പറഞ്ഞു. എംസിഎ ബിരുധധാരിയാണ് ഗിരീഷ്.
ഈ മാസം 17നാണ് ജെയ്‌സിയെ അപ്പാർട്ട്മെന്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പണവും സ്വർണവും മോഷ്ടിക്കാനായി ഗിരീഷും കാമുകിയായ ഖദീജയും ചേർന്ന് മാസങ്ങളോളം ആസൂത്രണം നടത്തി ഇവരെ കൊലപ്പെടുത്തുകയായിരുന്നു എന്ന് കണ്ടെത്തിയത്. മദ്യം നൽകിയതിനു ശേഷം ഡംബൽ ഉപയോഗിച്ച് തലക്കടിച്ചാണ് ജെയ്‌സിയെ കൊലപ്പെടുത്തിയത്