ക്രിസ്ത്യൻ സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയങ്ങളില്‍ ക്രിസ്ത്യാനികൾ അല്ലാത്ത വിദ്യാർത്ഥികളിൽ ക്രിസ്ത്യന്‍ ആചാരങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്ന് കാത്തോലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ).
സിബിസിഐയുടെ കീഴില്‍ പ്രവർത്തിക്കുന്ന ഏകദേശം 14,000 സ്‌കൂളുകള്‍, 650 കോളേജുകള്‍, ഏഴ് സര്‍വകലാശാലകള്‍, അഞ്ച് മെഡിക്കല്‍ കോളേജുകള്‍, 450 സാങ്കേതിക, തൊഴിലധിഷ്ഠിത സ്ഥാപനങ്ങള്‍ എന്നിവയ്ക്കാണ് നിർദേശം നൽകിയത്. രാജ്യത്തെ നിലവിലെ സാമൂഹിക-സാംസ്‌കാരിക, മത, രാഷ്ട്രീയ സാഹചര്യങ്ങള്‍ കാരണം ഉയര്‍ന്നുവരുന്ന വെല്ലുവിളികള്‍ നേരിടാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നല്‍കിയ പ്രധാന നിര്‍ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ക്രിസ്ത്യന്‍ സമൂഹം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രിന്‍സിപ്പല്‍മാര്‍ക്കും ജീവനക്കാര്‍ക്കും എതിരായി സമീപകാലത്തുണ്ടായ ആക്രമങ്ങളുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിലാണ് ഇത്തരത്തിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ആദ്യമായി പുറത്തിറക്കിയത്. ദിവസേനയുള്ള അസംബ്ലിയില്‍ വിദ്യാര്‍ഥികളെ ഭരണഘടനയുടെ ആമുഖം വായിപ്പിക്കുക, സ്‌കൂള്‍ പരിസരത്ത് ഒരു പൊതു പ്രാര്‍ത്ഥാനാ മുറി സ്ഥാപിക്കുക, എല്ലാ വിശ്വാസങ്ങളെയും പാരമ്പര്യങ്ങളെയും ബഹുമാനിക്കുക, മറ്റ് മതങ്ങളിലെ വിദ്യാര്‍ഥികളുടെ മേല്‍ ക്രിസ്ത്യന്‍ പാരമ്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കരുത്,എന്നീ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ കത്തോലിക്കാ സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സിബിസിഐ നിര്‍ദേശം നല്‍കി.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാനാവുന്നതും യോജിപ്പുള്ളതുമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുന്ന രീതിയില്‍ പരിശീലനം നല്‍കാനും സ്‌കൂളുകളോട് ആവശ്യപ്പെടുന്നുണ്ട്. പ്രധാന സ്‌കൂള്‍ കെട്ടിടത്തിന്റെ പ്രവേശന കവാടത്തില്‍ ഭരണഘടനയുടെ ആമുഖം പ്രദര്‍ശിപ്പിക്കുന്നതിനും രാവിലെയുള്ള അസംബ്ലികളില്‍ വിദ്യാര്‍ഥികള്‍ അത് ഏറ്റു ചൊല്ലുന്നതും ശീലമാക്കണം. ഇതിന് പുറമെ വിദ്യാര്‍ഥികള്‍ക്കിടയില്‍ മാത്രമല്ല, സ്‌കൂളിലെ എല്ലാ ജീവനക്കാര്‍ക്കിടയിലും മതപരവും സാംസ്‌കാരികവുമായ സഹിഷ്ണുതയും വൈവിധ്യങ്ങളോടുള്ള ആദരവ് പ്രോത്സാഹിക്കാനും മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു.