കണ്ണൂർ: നവീൻ ബാബുവിന്റെ മരണത്തെ തുടർന്ന് ഒളിവിൽ കഴിഞ്ഞിരുന്ന പി പി ദിവ്യയ്ക്ക് രഹസ്യ ചികിത്സ നല്‍കിയെന്ന് പരാതി. ദിവ്യയെ ചികിത്സിച്ച ഡോക്ടര്‍ക്ക് എതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്. പൊതുപ്രവര്‍ത്തകന്‍ കുളത്തൂര്‍ ജയ് സിംഗാണ് ഡിജിപിക്ക് പരാതി നല്‍കിയത്.(case should be filed against the doctor who treated PP Divya; Complaint to DGP)
ഇന്നലെ രാത്രി രഹസ്യമായി പയ്യന്നൂരിലെ ആശുപത്രിയില്‍ വെച്ച് ചികിത്സ നല്‍കിയതായാണ് പരാതി. ജാമ്യമില്ലാ വകുപ്പില്‍ പ്രതിചേര്‍ക്കപ്പെട്ട് ഒളിവില്‍ കഴിയുന്ന ആളാണെന്ന് ആശുപത്രി ജീവനക്കാര്‍ക്കും ഡോക്ടര്‍ക്കും അറിഞ്ഞിട്ടും പൊലീസിനെ അറിയിച്ചില്ല. പകരം രഹസ്യ ചികിത്സ നല്‍കിയശേഷം പ്രതിയെ പറഞ്ഞയച്ചെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
പൊലീസിലെ ചിലരുടെ ഒത്താശ പ്രതിക്ക് ലഭിച്ചു. ആശുപത്രി രേഖകളില്‍ ചികിത്സാ തെളിവുകള്‍ ഉണ്ടാവാതിരിക്കാന്‍ പേരും മറ്റ് വിവരങ്ങളും ഉള്‍പ്പെടുത്തിയില്ലെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. അതേസമയം, ഇക്കാലമത്രയും ദിവ്യ നിരന്തരം തങ്ങളുടെ നിരീക്ഷണത്തിലായിരുന്നെന്നാണ് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ അജിത് കുമാര്‍ പറയുന്നത്. ദിവ്യ കണ്ണൂരില്‍ തന്നെയുണ്ടായിരുന്നോ എന്നുള്‍പ്പെടെയുള്ള ചോദ്യങ്ങള്‍ക്ക് ഇപ്പോള്‍ മറുപടി മാധ്യമങ്ങളോട് പറയാന്‍ സാധിക്കില്ലെന്ന് കമ്മിഷണര്‍ പ്രതികരിച്ചു.