ചെന്നൈ: ഫഹദ് ഫാസിൽ നിറഞ്ഞാടിയ ചിത്രം ‘ആവേശം’ വലിയ തരംഗമാണ് സൃഷ്ടിച്ചത്. കേരളത്തിൽ മാത്രമല്ല, പുറത്തും ഫഹദിന്റെ കഥാപാത്രമായ ‘രംഗണ്ണൻ’ ആണിപ്പോൾ താരം. സമൂഹമാധ്യമങ്ങളിലും ‘ആവേശം’ റീല്‍സ് ഹിറ്റായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട് റീല്‍സ് ചെയ്യാൻ അങ്കണവാടിയില്‍ അനധികൃതമായി കയറിയ യുവാവിനെതിരെ കേസെടുത്തിരിക്കുകയാണ് പോലീസ്.
തമിഴ്നാട് വെല്ലൂരിലാണ് സംഭവം. ഡിഎംകെ യൂണിയൻ സെക്രട്ടറി ജ്ഞാനശേഖരന്റെ മകൻ അന്ന ശരണിനെതിരെയാണ് പോലീസ് കേസെടുത്തത്. ‘ആവേശം’ സിനിമയിലെ ബാർ രംഗമാണ് അങ്കണവാടിയില്‍ കയറി ഷൂട്ട് ചെയ്തിരിക്കുന്നത്. സിനിമയെ വെല്ലുന്ന തരത്തില്‍ വൻ ഒരുക്കങ്ങളോടെയാണ് റീല്‍സ് എടുത്തത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ അങ്കണവാടിയില്‍ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
തുടർന്നാണ് അന്ന ശരണിനെതിരെ പൊലീസ് കേസെടുത്തത്. സർക്കാർ സ്ഥാപനത്തിൽ അതിക്രമിച്ച് കയറിയതുൾപ്പെടെ മൂന്ന് വകുപ്പുകളാണ് യുവാവിനെതിരെ ചുമത്തിയിരിക്കുന്നത്. ശരണിനെക്കൂടാതെ ഒപ്പമുണ്ടായിരുന്ന പത്ത് പേര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
Read Also: യുവതിയെകൊണ്ട് ചർദ്ദി തുടപ്പിച്ചു; ബസ് ജീവനക്കാർക്കെതിരെ 15 ദിവസത്തിനകം കർശന നടപടി എടുക്കാൻ നിർദേശം