പത്തനംതിട്ട: പ്ലസ്ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ ഹൈക്കോടതി അഭിഭാഷകനെതിരെ കേസ്. പെൺകുട്ടിയുടെ പരാതിയിൽ കായംകുളം സ്വദേശി നൗഷാദിനെതിരെയാണ് പോലീസ് കേസെടുത്തത്. ഇയാൾ നിലവിൽ ഒളിവിലാണ്. പീഡിപ്പിക്കുന്നതിന് ഒത്താശ ചെയ്ത പെൺകുട്ടിയുടെ ബന്ധുവായ സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു.
2023 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴഞ്ചേരിയിലെ ഒരു ഹോട്ടലിൽ കൊണ്ടുപോയി, പെൺകുട്ടിക്ക് ബലംപ്രയോഗിച്ച് മദ്യം നൽകിയാണ് പ്രതി പീഡനത്തിനിരയാക്കിയതെന്ന് പരാതിയിൽ പറയുന്നു.
പല തവണ ഇയാൾ കുട്ടിയെ പീഡിപ്പിച്ചു. പീഡനദൃശ്യങ്ങളുണ്ടെന്ന് പറഞ്ഞ് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായാണ് പരാതി. പുറത്തുപറഞ്ഞാൽ അച്ഛനെയും അമ്മയെയും കള്ള കേസിൽ കുടുക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തി.
പത്തനംതിട്ട കുമ്പഴയിലെ ഹോട്ടലിൽവച്ചും എറണാകുളത്ത് വച്ചുമാണ് പലതവണ പെൺകുട്ടി പീഡനത്തിനിരയായത്. ഇതിന് കൂട്ടുനിന്നത് കുട്ടിയുടെ സംരക്ഷണചുമതലയുള്ള സ്ത്രീയാണെന്ന് പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നു.