ഏലയ്ക്കയിൽ കീടനാശിനിയുടെയും കൃത്രിമ കളറിന്റെയും അളവ് ഉയർന്നതോടെയാണ് ഇടക്കാലംകൊണ്ട് കയറ്റുമതി കുത്തനെയിടിഞ്ഞതും വിലത്തകർച്ച നേരിട്ടതും. ഗുണമേന്മ പരിശോധനയിൽ ഇന്ത്യൻ ഏലയ്ക്ക തുടർച്ചയായി പരാജയപ്പെട്ടതോടെയാണ് കയറ്റുമതിയ്ക്കുള്ള സാധ്യത ഇല്ലാതായത്. Cardamom exports decline sharply
2018 സെപ്റ്റംബർ ഒന്ന മുതൽ ഇന്ത്യൻ ഏലയ്ക്ക യൂറോപ്യൻ നിലവാരത്തിലുള്ള പരിശോധന പാസാകണമെന്ന് സൗദി ഭക്ഷ്യ വകുപ്പ് നിലപാടെടുത്തിരുന്നു. എന്നാൽ സ്‌പൈസസ് ബോർഡ് ഇടപെടലിനെ തുടർന്ന് ചെറിയ ഇളവുകൾക്ക് സൗദി തയാറായെങ്കിലും അസറ്റാമിപ്രൈഡ്, ഡിത്തിയോകാർബാമൈറ്റ് എന്നീ രാസവസ്തുക്കളുടെ അളവ് കൂടുതലായതിനാൽ ഇന്ത്യൻ ഏലയ്ക്ക പരിശോധനകളിൽ പരാജയപ്പെടുകയായിരുന്നു.
2017-18 സാമ്പത്തിക വർഷത്തിൽ 5680 ടൺ ഏലക്കയാണ് വിദേശത്തേക്ക് കയറ്റി അയച്ചത്. ഇതിൽ പകുതിയിലധികവും സൗദി അറേബ്യയിലേയ്ക്കായിരുന്നു. സൗദിയ്ക്ക് പുറമെ പാക്കിസ്ഥാൻ, അമേരിക്ക, ഇറാൻ, ഇറാഖ് എന്നീ രാജ്യങ്ങളാണ് കയറ്റുമതിയുണ്ടായിരുന്നത്.
2018 മുതൽ കയറ്റുമതി കുത്തനെ കുറഞ്ഞു. ജൈവ ഏലം കൃഷിയിലൂടെ കയറ്റുമതി വർധന ലക്ഷ്യമിട്ട് രാജ്യത്ത് ആദ്യമായി ഇടുക്കിയിൽ സ്പൈസസ് ബോർഡിന്റെ നേതൃത്വത്തിൽ ഏലത്തിന് ഗ്യാപ് സർട്ടിഫിക്കറ്റ് പദ്ധതി നടപ്പാക്കിയിരുന്നു.
തിരഞ്ഞെടുത്ത 30 കർഷകർക്കാണ് പുറ്റടി സ്പൈസസ് പാർക്കിൽ ജൈവ കൃഷിയിൽ പരിശീലനം നൽകി ഇൻഡോസെർട്ട് ഏജൻസിയുടെ സർട്ടിഫിക്കറ്റ് നൽകിയത്. വിപണിയിൽ ലഭ്യമായ ജൈവ വളങ്ങളും ജൈവ കീടനാശിനികളും ഉപയോഗിച്ച് വിളവ് വർധിപ്പിച്ച് കയറ്റുമതിയ്ക്ക് ആവശ്യമായ ഗുണമേന്മയുള്ള ഏലയ്ക്കായ ഉത്പാദിപ്പിക്കാനുള്ള പരിശീലനമാണ് കർഷകർക്ക് ലഭിച്ചത്.
ഇൻഡോസെർട്ട് നൽകുന്ന ഗ്യാപ്പ് സർട്ടിഫിക്കറ്റ് കയറ്റുതി ഏജൻസികളുമായി ലിങ്ക് ചെയ്തിട്ടുള്ളതിനാൽ കർഷകർക്കും ഗുണകരമാകും. കൂടുതൽ കർഷകർക്ക് പരിശീലനം നൽകാനും സ്പൈസസ് ബോർഡ് ലക്ഷ്യമിട്ടിരുന്നു. പിന്നീട് 29 പേരടങ്ങുന്ന ഗ്രൂപ്പിന് സർട്ടിഫിക്കറ്റും നൽകി. ജൈവ രീതിയിൽ ഉത്പാദനം നടത്തുന്ന ഏലക്ക അധിക വിലയ്ക്ക് ലേലം ചെയ്യുന്ന പദ്ധതികളും വിഭാവനം ചെയ്തു.
എന്നാൽ പിന്നീട് സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട പദ്ധതികൾ മുടങ്ങി. പദ്ധതി നടപ്പാക്കിയിരുന്ന ഉദ്യോഗസ്ഥർ സ്ഥലം മാറിപ്പോയതാണ് ഗ്യാപ് സർട്ടിഫിക്കേഷൻ പദ്ധതി മുടങ്ങാൻ കാരണം. 2023 ജൂലൈ വരെ സർട്ടിഫിക്കറ്റ് വാലിഡിറ്റി ഉണ്ടായിരുന്നു. പിന്നീട് സർട്ടിഫിക്കറ്റ് നടപടികൾ ഉണ്ടായില്ല.









