ബെംഗളൂരു: കർണാടക വിജയപുര ജില്ലയിലെ കനറാ ബാങ്കിന്റെ മനഗുളി ബ്രാഞ്ചില്‍നിന്ന് 59 കിലോഗ്രാം സ്വര്‍ണാഭരണങ്ങളും അഞ്ചു ലക്ഷത്തില്‍പ്പരം രൂപയും കവര്‍ച്ച നടത്തിയതിനുപിന്നില്‍ ശാഖയിലെ മുന്‍മാനേജര്‍.
ഇയാളെയുള്‍പ്പെടെ മൂന്നു പേരെ പോലീസ് പിടികൂടി. ബാങ്കിന്റെ സീനിയര്‍ മാനേജരായ വിജയകുമാര്‍ മോഹനര മിറിയല (41), കൂട്ടാളികളായ ജനതാ കോളനി സ്വദേശി ചന്ദ്രശേഖര്‍ കൊട്ടിലിംഗ നെരെല്ല (38), ഹുബ്ബള്ളി ചാലൂക്യനഗര്‍ സ്വദേശി സുനില്‍ നരസിംഹലു മൊക (40) എന്നിവരെയാണ് വിജയപുര പോലീസ് പിടികൂടിയത്.
10.75 കോടിരൂപ വിലമതിക്കുന്ന 10.5 കിലോ സ്വര്‍ണാഭരണങ്ങള്‍ ഇവരിൽ നിന്നും കണ്ടെടുത്തു. കവര്‍ന്ന ആഭരണങ്ങള്‍ ഉരുക്കി രൂപമാറ്റം വരുത്താന്‍ ഉപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
53.26 കോടി രൂപവിലയുള്ള സ്വര്‍ണാഭരണങ്ങളാണ് ഇവര്‍ കവര്‍ന്നത്. കര്‍ണാടകത്തിലെ തന്നെ വലിയ ബാങ്ക് കവര്‍ച്ചകളിലൊന്നായിരുന്നു ഇത്.
മനഗുളി ബ്രാഞ്ചില്‍നിന്ന് സ്ഥലംമാറിപ്പോകുന്നതിനു മുന്‍പ് വിജയകുമാര്‍ കവര്‍ച്ച ആസൂത്രണം ചെയ്യുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി.
ഇതിനായി ബാങ്കില്‍ സ്വര്‍ണാഭരണവും പണവും വെച്ച ലോക്കറിന്റെ താക്കോല്‍ എടുത്തുകൊണ്ടുപോയി വ്യാജ താക്കോലുണ്ടാക്കുകയായിരുന്നു.
ഇതുപയോഗിച്ച് സ്ട്രോങ് റൂം തുറക്കാനാകുമെന്ന് പലതവണ ചെയ്തുനോക്കി ഉറപ്പിക്കുകയായിരുന്നു. ഈ താക്കോല്‍ പിന്നീട് ചന്ദ്രശേഖറിനും സുനിലിനും കൈമാറി.
കഴിഞ്ഞ ഏപ്രിലിലാണ് ഇയാള്‍ക്ക് സ്ഥലംമാറ്റം ലഭിച്ചത്. സംശയം തന്നിലേക്ക് എത്താതിരിക്കാന്‍ സ്ഥലംമാറ്റത്തിനുശേഷമേ കവര്‍ച്ച നടത്താവൂ എന്ന് കൂട്ടാളികളോട് പറഞ്ഞുറപ്പിച്ചിരുന്നു.
പിന്നീട്മേയ് 25-നാണ് കവര്‍ച്ച നടന്നത്. പോലീസ് എട്ട് പ്രത്യേക അന്വേഷണ സംഘങ്ങള്‍ രൂപവത്കരിച്ചു. അവർ നടത്തിയ അന്വേഷണത്തിലാണ് കവര്‍ച്ചയുടെ വിവരങ്ങള്‍ ചുരുളഴിഞ്ഞത്.
സ്‌ട്രോങ് റൂമിന്റെ ഗ്രില്ലുകള്‍ മുറിച്ചുമാറ്റി ആഭരണവും പണവുമുള്ള ലോക്കര്‍ തകര്‍ത്താണ് ഇവർ കവര്‍ച്ച നടത്തിയത്. സ്വര്‍ണം സൂക്ഷിച്ച ലോക്കര്‍ മാത്രമാണ് തുറന്നത്.
എന്നാൽ മറ്റ് ലോക്കറുകളില്‍ തൊട്ടിട്ടില്ല. ഇക്കാര്യം ബാങ്കിന്റെ ഉള്‍വശം നല്ല പരിചയമുള്ളയാള്‍ ഇതിനു പുറകിലുണ്ടെന്ന സംശയം ഇത് പോലീസിലുണ്ടാക്കി.
ഇതിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളുടെ അറസ്റ്റിലേക്ക് നയിച്ചതെന്ന് അന്വേഷണ സംഘം പറഞ്ഞു.
അന്വേഷണം വഴിതെറ്റിക്കാന്‍ മന്ത്രവാദം നടത്തുന്നവരുപയോഗിക്കുന്ന കറുത്തപാവപോലുള്ള സാധനങ്ങൾ ബാങ്കിനകത്ത് ഇവര്‍ ഉപേക്ഷിച്ചിരുന്നു.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു(ആർസിബി)വിന്റെയും സണ്‍റൈസസ് ഹൈദരാബാദിന്റെയും ഐപിഎല്‍ ക്രിക്കറ്റ് മത്സരമുണ്ടായ മേയ് 23-ന് കവര്‍ച്ച നടത്താനായിരുന്നു ഇവർ ആദ്യം തീരുമാനിച്ചിരുന്നത്.
ആര്‍സിബി ജയിക്കുമ്പോള്‍ ജനം പടക്കം പൊട്ടിച്ച് വിജയം ആഘോഷിക്കുന്നതിന്റെ ബഹളം മറയാക്കാമെന്നായിരുന്നു ഇവർ കണക്ക് കൂട്ടിയത്.
പക്ഷേ, ആര്‍സിബി ആ മത്സരത്തിൽ പരാജയപ്പെട്ടതോടെ അതൊഴിവാക്കി. പിന്നീട് ബാങ്ക് ആഴ്ചാവസാന അവധിദിവസങ്ങള്‍ക്കായി അടയ്ക്കുന്ന മേയ് 25 തിരഞ്ഞെടുത്തു.
ഹോളിവുഡിലെയും ബോളിവുഡിലെയും ചില ക്രൈംത്രില്ലറുകളിലെ രംഗങ്ങള്‍ സംഘത്തിന് പ്രചോദനമായെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ബാങ്കിലെ സിസിടിവി പ്രവര്‍ത്തനരഹിതമാക്കിയിരുന്നു.
English Summary :
A former branch manager is behind the theft of 59 kilograms of gold ornaments and over five lakh rupees from the Canara Bank’s Managuli branch in Karnataka’s Vijayapura district.