ഒട്ടകത്തിലുണ്ട് അൽഷിമേഴ്‌സിന് ഒരു പ്രതിവിധി…അമ്പരമ്പിക്കുന്ന കണ്ടെത്തലുമായി ഗവേഷകർ
ഓർമ്മശക്തിയും ചിന്താശേഷിയും ക്രമേണ നശിപ്പിച്ച് മരണത്തിലേക്ക് നയിക്കുന്ന ഗുരുതര രോഗമാണ് അൽഷിമേഴ്‌സ് അഥവാ സ്‌മൃതിനാശം. ഡിമെൻഷ്യയുടെ ഏറ്റവും സാധാരണമായ രൂപവും ഇതുതന്നെ.
സാധാരണയായി പ്രായമേറിയവരിലാണ് രോഗം കൂടുതലായി കണ്ടുവരുന്നത്. രോഗം ബാധിച്ചവർ സാധാരണ 6–7 വർഷം ജീവിക്കാറുണ്ടെങ്കിലും മികച്ച പരിചരണം ലഭിക്കുന്നവർ പത്ത് വർഷത്തിലധികം ജീവിച്ച പരിചരണകഥകളും ഉണ്ട്.
ഫലപ്രദമായ ചികിത്സ ഇതുവരെ ഇല്ലാത്തതിനാൽ, രോഗം തടഞ്ഞുനിർത്താൻ കഴിയുന്ന മാർഗങ്ങൾ കണ്ടെത്തുകയാണ് ലോകമെമ്പാടുമുള്ള ഗവേഷകർ.
ഇപ്പോഴിതാ, ഈ മേഖലയിലേക്ക് പ്രത്യാശയുടെ ചെറിയ വെളിച്ചം വീശിയിരിക്കുകയാണ്. അതും മരുഭൂമിയിലെ കപ്പൽ എന്നറിയപ്പെടുന്ന ഒട്ടകങ്ങളിൽ നിന്ന്.
ഒട്ടകം, അൽപഗ, ലാമ തുടങ്ങിയ ജീവികളുടെ ശരീരത്തിൽ നാനോബോഡി എന്നറിയപ്പെടുന്ന അതിസൂക്ഷ്മ പ്രോട്ടീനുകൾ ഉത്പാദിപ്പിക്കപ്പെടുന്നു. ഈ നാനോബോഡികൾ അൽഷിമേഴ്‌സ്, സ്‌കിസോഫ്രീനിയ തുടങ്ങിയ രോഗങ്ങളിൽ നിന്ന് തലച്ചോറിനെ സംരക്ഷിക്കാൻ സഹായിക്കുമെന്നാണ് പുതിയ കണ്ടെത്തൽ.
വൈറസുകളെയും വിഷപദാർത്ഥങ്ങളെയും പ്രതിരോധിക്കാൻ ശരീരം ഉപയോഗിക്കുന്ന പ്രോട്ടീനുകളാണ് ആന്റിബോഡികൾ. ഇതിന്റെ ചെറുവും കൂടുതൽ കാര്യക്ഷമവുമായ രൂപമാണ് നാനോബോഡി.
വൈറസുകളുടെ പ്രതിരോധ സംവിധാനം തകർക്കാൻ ഇവയ്ക്ക് കഴിവുണ്ട്. ഒട്ടകം ഉൾപ്പെടുന്ന ക്യാമലിഡ് വിഭാഗവും സ്രാവുകളും മാത്രമാണ് സ്വാഭാവികമായി നാനോബോഡികൾ ഉത്പാദിപ്പിക്കുന്ന ജീവികൾ.
ഇവയെ ലാബിൽ പത്തിലൊന്ന് വലുപ്പത്തിലേക്ക് കുറച്ച ശേഷമാണ് മനുഷ്യചികിത്സയ്ക്ക് ഉപയോഗിക്കുന്നത്.
ഫ്രാൻസിലെ സിഎൻആർഎസ് (Centre National de la Recherche Scientifique) ഗവേഷക സംഘം പറയുന്നത്, ഈ നാനോബോഡികൾ തലച്ചോറിലേക്ക് എളുപ്പത്തിൽ കടക്കുമെന്നും പാർശ്വഫലങ്ങൾ കുറവാണെന്നും ആണ്.
നിലവിൽ ശരീരത്തിലെ മറ്റ് നാല് ഭാഗങ്ങളിലെ ചികിത്സയ്ക്ക് മാത്രമേ ഇവയ്ക്ക് അനുമതിയുള്ളൂ. ഇൻഫ്ലുവൻസ A, B, നൊറോവൈറസ്, കൊവിഡ്, എച്ച്‌ഐവി എന്നിവയുടെ ചികിത്സയിലും ഇവ പരീക്ഷിച്ചുവരുന്നുണ്ട്.
അൽഷിമേഴ്‌സ് ചികിത്സയിൽ ഇവ ഉപയോഗിക്കാമെന്ന സൂചന ലഭിച്ചത് ഏറ്റവും അടുത്ത കാലത്താണ്.
മനുഷ്യ ശരീരത്തിൽ നേരിട്ട് ഈ നാനോബോഡികൾ നിലനിൽക്കില്ലെന്ന് മുമ്പ് കരുതിയിരുന്നു. കാരണം നമ്മുടെ വൃക്കകൾ പുറമേനിന്നെത്തുന്ന പ്രോട്ടീനുകളെ ഉടൻ പുറന്തള്ളും.
ഈ പ്രശ്‌നം മറികടക്കാൻ ലാബിൽ നാനോബോഡികളെ ഘടനാപരമായി പരിഷ്കരിച്ചു, ഇതുവഴി അവ രക്തത്തിൽ ലയിച്ച് തലച്ചോറിലെ രോഗകാരക ഘടകങ്ങളെ ലക്ഷ്യമിടാൻ പ്രാപ്തരാകും.
“രക്ത-തലച്ചോർ തടസം മറികടക്കാൻ നിർമിക്കുന്ന പല മരുന്നുകൾക്കും ഹൈഡ്രോഫോബിക് (ജലത്തിൽ ലയിക്കാത്ത) സ്വഭാവമുണ്ട്. ഇത് പാർശ്വഫലങ്ങൾക്ക് കാരണമാകാം.
എന്നാൽ ഒട്ടക നാനോബോഡികൾ ജലത്തിൽ ലയിക്കുന്ന ചെറു പ്രോട്ടീനുകൾ ആയതിനാൽ തലച്ചോറിലേക്ക് എളുപ്പത്തിൽ പ്രവേശിക്കും,” എന്നാണ് ഗവേഷകനായ പിയറി ആൻഡ്രേ ലഫോൺ വ്യക്തമാക്കുന്നത്.
എങ്കിലും ഇവ രക്തപ്രവാഹത്തിന് ഉള്ളിൽ എങ്ങനെ കയറുന്നു? തലച്ചോറിൽ എത്രനാൾ നിലനിൽക്കും? ഡോസ് എങ്ങനെ നിശ്ചയിക്കും? തുടങ്ങിയ ചോദ്യങ്ങൾക്ക് ഇപ്പോഴും ഉത്തരമില്ല.
എങ്കിലും ഒരുദിവസം മനുഷ്യന്റെ ഓർമ്മശക്തി സംരക്ഷിക്കാൻ ഒട്ടകങ്ങൾ നിർണായകമാകുമെന്ന വിശ്വാസത്തിലാണ് ഗവേഷകർ.
English Summary
Alzheimer’s disease is a progressive disorder that destroys memory and cognitive abilities, eventually leading to death. It is the most common form of dementia, primarily affecting the elderly. With no definitive cure, global researchers are exploring ways to halt or slow the disease.









