സസ്‌പെൻഷനിലായ കൃഷി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയും കാംകോ മാനേജിങ് ഡയറകട്‌റുമായിരുന്ന എൻ. പ്രശാന്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കാംകോ ജീവനക്കാർ മാതൃഭൂമി പത്രം കത്തിച്ചു. പ്രശാന്തിനെതിരെ പത്രം വ്യാജ വാർത്ത നൽകി എന്നാരോപിച്ചായിരുന്നു ജീവനക്കാരുടെ പ്രതിഷേധം. ജീവനക്കാരുടെ പ്രതിഷേധത്തിൽ യൂണിയനുകൾക്ക് നന്ദി പറഞ്ഞ് എൻ. പ്രശാന്തും രംഗത്തെത്തി.
സത്യത്തിന് വേണ്ടി നിലകൊള്ളാൻ തീരുമാനിച്ച ഐ.എൻ.ടി.യു.സി സി.ഐ.ടി.യു, എ.ഐ.ടി.യു.സി, യൂണിയനുകൾക്കും ഓഫീസേഴ്‌സ് അസോസിയേഷനുകൾക്കും നന്ദിയെന്നാണ് പ്രശാന്ത് ഫേസ്ബുക്കിൽ കുറിച്ചത്. ജീവനക്കാരുടെ പ്രതിഷേധത്തിന്റെ വിഡിയോ പങ്കുവെച്ചാണ് പ്രശാന്തിന്റെ പ്രതികരണം.
ഇത്രയും സ്‌നേഹവും ആത്മാർത്ഥതയുമുള്ള ടീമിനൊപ്പം ജോലി ചെയ്യാൻ സാധിച്ചത് തന്റെ ഭാഗ്യമാണ്. ഡോ.ജയതിലകും ഗോപാലകൃഷ്ണനും മാതൃഭൂമി ലേഖകരും ചേർന്ന് ഗൂഢാലോചന നടത്തി സൃഷ്ടിക്കാൻ ശ്രമിച്ച വ്യാജ നറേറ്റീവ് പൊളിച്ച് ചവറ്റ്കുട്ടയിലിടുന്ന കാംകോ ജീവനക്കാരോട് ഒന്നേ പറയാനുള്ളൂ, താൻ നിങ്ങളുടെ എം.ഡി അല്ലെങ്കിലും നമ്മൾ തുടങ്ങി വെച്ച ഓരോന്നും ഫലപ്രാപ്തിയിലേക്കെത്തണമെന്നും പ്രശാന്ത് ഫേസ്ബുക്കിൽ കുറിച്ചു.
വള്ളത്തിന്റെ അമരത്തില്ലെങ്കിലും ഞാൻ കരയ്ക്കാണെങ്കിലും നമ്മുടെ കമ്പനിയുടെ യാത്രയിൽ കൂടെത്തന്നെ കാണുമെന്ന് പ്രശാന്ത് പറഞ്ഞു. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെതിരായ പരസ്യ അധിക്ഷേപത്തിലാണ് പ്രശാന്തിനെ സസ്‌പെൻഡ് ചെയ്തത്