ദീപക്കിന്റെ ആത്മഹത്യ; ഷിംജിത മുസ്തഫ മുൻകൂർ ജാമ്യാപേക്ഷ നൽകി
ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഷിംജിത മുസ്തഫ മുൻകൂർ ജാമ്യാപേക്ഷ നൽകി.
കോഴിക്കോട് ജില്ലാ കോടതിയിലാണ് ഷിംജിത ജാമ്യഹർജി സമർപ്പിച്ചത്. ഇതോടൊപ്പം, ഒളിവിൽ പോയ ഷിംജിതയെ കണ്ടെത്തുന്നതിനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് ഷിംജിതയ്ക്കായുള്ള തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ഇവർ സംസ്ഥാനം വിട്ടതായി സംശയിക്കുന്നതായും മംഗളൂരു ഭാഗത്തേക്ക് കടന്നിട്ടുണ്ടാകാമെന്ന സൂചനയുണ്ടെന്നും പോലീസ് വ്യക്തമാക്കി.
വിദേശത്തേക്ക് കടക്കാൻ സാധ്യതയുള്ളതിനാലാണ് വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിച്ചത്. ആത്മഹത്യാ പ്രേരണക്കുറ്റമാണ് ഷിംജിതയ്ക്കെതിരെ നിലവിൽ ചുമത്തിയിരിക്കുന്നത്.
ഷിംജിത സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ എഡിറ്റ് ചെയ്തതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. വീഡിയോയുടെ പൂർണ്ണ ദൃശ്യങ്ങൾ ലഭിക്കുന്നതിനായി ഷിംജിതയുടെ മൊബൈൽ ഫോൺ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.
സംഭവദിവസം ബസിൽ ലൈംഗികാതിക്രമം നടന്നതായി ആരും പരാതി നൽകിയിരുന്നില്ലെന്ന് സ്വകാര്യ ബസ് ജീവനക്കാർ മൊഴി നൽകി. ബസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും നിർണ്ണായകമായ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.
അതേസമയം, മരിച്ച ദീപക്കിന്റെ കുടുംബം ഷിംജിതയ്ക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തണമെന്നും രാജ്യം വിടുന്നതിന് മുൻപ് അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.
English Summary
The accused, Shimjitha Mustafa, has filed an anticipatory bail plea in the Kozhikode District Court in connection with a case where a young man died by suicide after a video alleging sexual harassment on a bus was circulated on social media.
bus-harassment-video-case-shimjitha-mustafa-anticipatory-bail
Shimjitha Mustafa, Kozhikode case, bus harassment allegation, edited video, abetment of suicide, lookout notice, anticipatory bail, Kerala police








