ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് വൻ അപകടം
ദുബായ്: ഇന്ത്യൻ തീർഥാടകൾ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ട് നാൽപതോളം പേർക്ക് ദാരുണാന്ത്യം.
മക്കയിൽ നിന്ന് മദീനയിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ഒരാൾ രക്ഷപ്പെട്ടതായാണ് വിവരം. ഹൈദരാബാദിൽ നിന്നുള്ള ഉംറ തീർഥാടകരാണ് ബസ്സിൽ ഉണ്ടായിരുന്നത്.
ഡീസൽ ടാങ്കറുമായി ബസ് കൂട്ടിയിടിച്ചായിരുന്നു അപകടം. ഇന്ത്യൻ സമയം രാത്രി ഒന്നരയോടെ ആയിരുന്നു അപകടം സംഭവിച്ചത്. മരിച്ചവരിൽ 11 സ്ത്രീകളും 10 കുട്ടികളും ഉണ്ടെന്നാണ് അനൗദ്യോഗിക വിവരം.
ആകെ 43 പേരായിരുന്നു ബസിൽ ഉണ്ടായിരുന്നത്. ബദറിനും മദീനക്കും ഇടയിലുളള മുഫറഹാത്ത് എന്ന സ്ഥലത്തുവെച്ചായിരുന്നു അപകടം ഉണ്ടായത്.
വിശാലമുള്ള റോഡ് ആയതുകൊണ്ടുതന്നെ അതിവേഗത്തിൽ വാഹനങ്ങൾ കടന്നു പോകുന്ന പാതയായിരുന്നു ഇത്. ഇവിടെവെച്ചാണ് യാത്രാ ബസ് ടാങ്കറുമായി കൂട്ടിയിടിച്ചത്.
തിരികെയുള്ള യാത്രയിലായതിനാൽ കൂടുതൽ പേരും ഉറക്കത്തിലായിരുന്നു. ഇത് ദുരന്തത്തിന്റെ ആഘാതം വർധിപ്പിച്ചതായാണ് വിവരം.
വാഹനം കത്തിയ നിലയിൽ ആയതിനാൽ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.









