അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനം വികസിപ്പിക്കാൻ ബ്രിട്ടൻ
ലണ്ടൻ ∙ റഷ്യയിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ആക്രമണ ഭീഷണികൾ ശക്തമാകുന്ന പശ്ചാത്തലത്തിൽ, ഇസ്രായേലിന്റെ ‘അയൺ ഡോം’ മാതൃകയിൽ അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനം വികസിപ്പിക്കാൻ ബ്രിട്ടൻ ഒരുങ്ങുന്നു.
ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകൾ പ്രയോഗിക്കാൻ റഷ്യയ്ക്ക് വർധിച്ചുവരുന്ന സൈനിക ശേഷിയും അതിനുള്ള സന്നദ്ധതയും കണക്കിലെടുത്താണ് ഈ നിർണായക നീക്കം.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ആകാശമാർഗമുള്ള വലിയ ആക്രമണ ഭീഷണികൾ ബ്രിട്ടൻ നേരിട്ടിട്ടില്ലെങ്കിലും, നിലവിലെ ആഗോള സുരക്ഷാസാഹചര്യം മാറ്റങ്ങൾക്ക് വഴിവെച്ചിരിക്കുകയാണെന്ന് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് സർ റിച്ചഡ് നൈറ്റൺ വ്യക്തമാക്കി.
രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ‘ഇന്റഗ്രേറ്റഡ് എയർ ആൻഡ് മിസൈൽ ഡിഫൻസ്’ സംവിധാനം അനിവാര്യമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ശത്രുക്കൾ പ്രയോഗിക്കുന്ന ഹ്രസ്വദൂര റോക്കറ്റുകൾ, പീരങ്കി ഷെല്ലുകൾ, ഡ്രോണുകൾ എന്നിവ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തന്നെ കണ്ടെത്തി ആകാശത്തുവെച്ച് തകർക്കുക എന്നതാണ് പുതിയ പദ്ധതിയുടെ മുഖ്യലക്ഷ്യം.
അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനം വികസിപ്പിക്കാൻ ബ്രിട്ടൻ
ഇതിനായി റഡാർ സംവിധാനങ്ങൾ നവീകരിക്കുകയും ഡ്രോൺ ആക്രമണങ്ങൾ നേരിടാനുള്ള സാങ്കേതിക ശേഷി വർധിപ്പിക്കുകയും ചെയ്യാൻ വൻതോതിലുള്ള നിക്ഷേപമാണ് സർക്കാർ ആസൂത്രണം ചെയ്യുന്നത്.
യുകെയുടെ ഡിഫൻസ് ഇന്നൊവേഷൻ ബജറ്റായ 400 മില്യൻ പൗണ്ടിൽ (ഏകദേശം 4,200 കോടി രൂപ) മൂന്നിലൊന്ന് ഭാഗം ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾക്കായി മാത്രം മാറ്റിവെക്കുമെന്ന് പ്രതിരോധ സെക്രട്ടറി ജോൺ ഹീലി പാർലമെന്റിൽ അറിയിച്ചു.
ആധുനിക യുദ്ധങ്ങളിൽ ഡ്രോണുകൾ നിർണായക ആയുധങ്ങളായി മാറുന്ന സാഹചര്യത്തിൽ ഈ നിക്ഷേപം അത്യന്താപേക്ഷിതമാണെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
അതേസമയം, റഷ്യ ആക്രമണകാരിയും വിപുലീകരണ മോഹമുള്ള രാജ്യമാണെന്ന് ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസിയായ MI6-ന്റെ മേധാവി ബ്ലെയ്സ് മെട്രെവെലി മുന്നറിയിപ്പ് നൽകി.
തന്റെ ആദ്യ പൊതുപ്രസംഗത്തിൽ, യുദ്ധം ഇപ്പോൾ അതിർത്തികളിൽ മാത്രം ഒതുങ്ങുന്നില്ലെന്നും സൈബർ ആക്രമണങ്ങളും അട്ടിമറികളും അതിന്റെ ഭാഗമായി ലോകമെമ്പാടും വ്യാപിച്ചിരിക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടി.
ഇത്തരത്തിലുള്ള രഹസ്യനീക്കങ്ങളെ പ്രതിരോധിക്കാൻ കൂടുതൽ ജാഗ്രതയും തയ്യാറെടുപ്പും ആവശ്യമാണെന്നും അവർ ഓർമിപ്പിച്ചു.
നാറ്റോ സഖ്യത്തിന്റെ ഏറ്റവും വലിയ ദൗർബല്യം ഏകീകൃത മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ അഭാവമാണെന്ന് സർ റിച്ചഡ് തുറന്നുസമ്മതിച്ചു.
നിലവിൽ ടൈഫൂൺ യുദ്ധവിമാനങ്ങളും ടൈപ്പ് 45 ഡിസ്ട്രോയറുകളും ഉപയോഗിച്ച് മിസൈലുകളെ നേരിടാൻ ബ്രിട്ടന് കഴിവുണ്ടെങ്കിലും, ആധുനിക യുദ്ധതന്ത്രങ്ങളെ പ്രതിരോധിക്കാൻ ഇത് മതിയാകില്ലെന്നാണ് സൈനിക വിലയിരുത്തൽ.









