മൂന്നാര്‍: വിവാഹത്തിൽ നിന്ന് പിന്മാറുന്നതിനായി പോലീസിനോട് സഹായം അഭ്യർത്ഥിച്ച് വധു. ഇടുക്കി മറയൂരിലാണ് സംഭവം. വിവാഹത്തിന് തൊട്ടു മുൻപാണ് വധു പോലീസിനെ വിളിച്ചത്.
മറയൂര്‍ മേലാടി സ്വദേശിയായ യുവാവും തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശിയായ യുവതിയും തമ്മിലാണ് വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിനായി തിരുപ്പൂരില്‍ നിന്നു തലേന്നു മേലാടിയില്‍ എത്തിയ വധുവും സംഘവും വിവാഹം നടക്കുന്ന ക്ഷേത്രത്തിനു സമീപമാണു താമസിച്ചത്.
എന്നാൽ മുഹൂര്‍ത്തത്തിനു തൊട്ടുമുന്‍പു യുവതി പൊലീസ് കണ്‍ട്രോള്‍ റൂമിന്റെ ഫോണ്‍ നമ്പറായ 1012ലേക്കു വിളിച്ച് തനിക്ക് ഈ വിവാഹത്തിന് താല്‍പര്യമില്ലെന്നും വിവാഹം ഒഴിവാക്കാന്‍ പൊലീസ് സഹായിക്കണമെന്നും അഭ്യർത്ഥിക്കുകയായിരുന്നു.
തുടർന്ന് പൊലീസെത്തി വധുവിനെയും വരനെയും ബന്ധുക്കളെയും സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി. പിന്നാലെ പൊലീസിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ ഇരുവീട്ടുകാരും വിവാഹം വേണ്ടെന്നുള്ള ധാരണയില്‍ എത്തി. സദ്യ ഉള്‍പ്പെടെ എല്ലാം തന്നെ ഒരുക്കിയിരുന്നതാണ്.
ബസിന് മുകളിൽ കൂറ്റൻ ആൽമരം വീണു; ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാർഥിക്ക് ദാരുണാന്ത്യം
കോഴിക്കോട്: ബസിന് മുകളിൽ കൂറ്റൻ ആൽമരം വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. മമ്പാട് തെക്കുംപാടം കുറുങ്കാട്ടിൽ ശ്രീമാനിവാസിൽ കെ അതുൽ ദേവാണ് (19) മരിച്ചത്.
ഇന്നലെ രാത്രി പത്തരയോടെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണം സംഭവിച്ചത്.വണ്ടൂരിലെ സംസ്ഥാന പാതയിലായിരുന്നു അപകടം.
മൂർക്കനാട് ഐടിഐയിലെ വിദ്യാർത്ഥിയായിരുന്നു അതുൽ ദേവ്. ഐടിഐയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം നടന്നത്. ചൊവ്വാഴ്ച വണ്ടൂരിനും പോരൂരിനും ഇടയിൽ പുളിയക്കോട് വച്ച് ഓടിക്കൊണ്ടിരിക്കുന്ന ബസിലേക്ക് കൂറ്റൻ ആൽമരം വീഴുകയായിരുന്നു.
ബസിന്റെ മുകൾഭാഗം തകർന്ന് സീറ്റിനിടയിൽ കുടുങ്ങിയ അതുൽ ദേവിനെ അരമണിക്കൂറിലേറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്. ഉടൻ തന്നെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.
സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. തെക്കുംപാടം കുറുങ്കാട്ടിൽ മുരളിയുടെയും താരയുടെയും മകനാണ് അതുൽ ദേവ്. സഹോദരങ്ങൾ: ശ്രീലക്ഷ്മി, അമൽദേവ്, കമൽദേവ്, വിമൽദേവ്.