കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. കൊച്ചിയിൽ നിന്ന് പുറപ്പെട്ട രണ്ട് വിമാനങ്ങൾക്ക് നേരെയാണ് ബോംബ് ഭീഷണി എത്തിയത്. ബോംബ് ഭീഷണി പരിശോധിക്കാൻ രണ്ടു തവണ ബോംബ് ത്രെട്ട് അസസ്മെന്റ് കമ്മിറ്റി (ബിറ്റിഎസി) യോഗം ചേർന്ന് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി.(Bomb Threats Disrupt Air Travel: Air India, IndiGo Flights Targeted in Kochi)
എയർ ഇന്ത്യയുടെ കൊച്ചി – ലണ്ടൻ ഗാറ്റ്‍വിക് (എഐ 149) വിമാനത്തിനും കൊച്ചി – ബംഗളുരു – ലക്നൗ (6ഇ 196) വിമാനത്തിനും നേരെയാണ് ബോംബ് ഭീഷണി ഉണ്ടായത്. രണ്ടു വിമാനങ്ങളും പുറപ്പെട്ട് മണിക്കൂറുകൾ കഴിഞ്ഞായിരുന്നു വിമാനക്കമ്പനികളുടെ എക്സ് അക്കൗണ്ടിലേക്ക് ഭീഷണി സന്ദേശമെത്തിയത്.
കഴിഞ്ഞ ദിവസവും നെടുമ്പാശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണിയുണ്ടായിരുന്നു. എന്നാൽ ഇത് വ്യാജമാണെന്ന് പിന്നീട് കണ്ടെത്തി. കഴിഞ്ഞ 6 ദിവസത്തിനുള്ളിൽ നൂറിലേറെ ബോംബ് ഭീഷണികളാണ് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ ലഭിച്ചത്. ഇൻഡിഗോ, വിസ്താര, ആകാശ, എയർ ഇന്ത്യ വിമാനങ്ങൾക്കാണ് കൂടുതലും ഭീഷണി എത്തുന്നത്.