ന്യൂഡൽഹി: വിമാനങ്ങൾക്ക് നേരെയുള്ള വ്യാജബോംബ് ഭീഷണികൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഗുരുതര കുറ്റകൃത്യമാക്കുന്നത് കേന്ദ്രം പരിഗണിക്കുന്നു. ബോംബ് ഭീഷണികളെ നേരിടാൻ നിയമഭേദഗതികൾ സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ. റാംമോഹൻ നായിഡു വ്യക്തമാക്കി. മറ്റ് മന്ത്രാലയങ്ങളുമായും കൂടിയാലോചിച്ചാകും വ്യോമയാന ചട്ടങ്ങളിൽ ഭേദഗതികൾ കൊണ്ടുവരുക.(bomb threats airlines investigations central government)
അതേസമയം നിലവിൽ ലഭിക്കുന്ന ഭീഷണിക്കു പിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന ചോദ്യത്തിന്, സമഗ്രമായ അന്വേഷണം നടക്കട്ടെയെന്നും അതുവരെ അതിനെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. നിലവില്‍ രാജ്യത്തെ വിമാന സര്‍വീസുകള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ഭീഷണി സന്ദേശത്തെ കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സാമൂഹികമാധ്യമങ്ങളിലൂടെ ഭീഷണി വരുന്നതിനാല്‍ അതിനെ നേരിടാനും കുറ്റക്കാരെ ശിക്ഷിക്കാനും കടുത്തനിയമങ്ങള്‍ വേണമെന്ന നിലപാടിലാണ് അധികൃതർ.
വിമാനത്തിന് ബോംബ് ഭീഷണി മുഴക്കിയയാളെ പിടികൂടിയാല്‍ അയാളെ വിമാനയാത്രയില്‍നിന്ന് ആജീവനാന്തം വിലക്കുക, കുറ്റവാളികളെ അറസ്റ്റുചെയ്യാനും കോടതി ഉത്തരവില്ലാതെ അന്വേഷണം ആരംഭിക്കാനുമുള്ള അനുമതി തുടങ്ങിയ ഭേഗഗതികള്‍ കൊണ്ടുവരാനാണ് അധികൃതര്‍ ആലോചിക്കുന്നത്. കൂടാതെ വ്യോമയാന ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നതു സംബന്ധിച്ച് നിയമവിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്. വിദേശരാജ്യങ്ങളിൽ സമാന ഭീഷണികൾ നേരിടാൻ സ്വീകരിച്ച മാതൃകകളും പരിശോധിക്കും.