കോടികൾ കൊടുത്തു സ്വന്തമാക്കിയ സ്വപ്ന വാഹനം എലി കരണ്ടാൽ എങ്ങനെയിരിക്കും? ആർക്കാണെങ്കിലും ചങ്ക് തകരും, വാഹനപ്രേമികൾക്ക് ഒന്നടങ്കം വളരെ ഖേദകരമായിരിക്കും ഇങ്ങനെ ഒന്ന്.
ബോളിവുഡ് യുവതാരങ്ങളിൽ ശ്രദ്ധേയനായ കാർത്തിക് ആര്യനാണ് ഇത്തരമൊരു ദുരനുഭവം ഉണ്ടായത്. തികഞ്ഞ ഒരു വാഹന പ്രേമി കൂടിയായ താരത്തിന്റെ മക്ലാരൻ GT -യുടെ മാറ്റ് ആണ് എലി കരണ്ട് നശിപ്പിച്ചത്. എലിക്ക് വാഹനത്തിന്റെ മാറ്റ് അല്ലാതെ വേറെ ഒന്നും കിട്ടിയില്ലേ എന്ന് ചോദിച്ചു പോവും.
ഭാഗ്യത്തിന് മറ്റ് വയറിംഗും സീറ്റും ഒന്നും നശിപ്പിച്ചില്ല എന്നത് ആശ്വാസമാണ്. എന്നിരുന്നാലും ഏറെ കുറെ 4.75 കോടി രൂപയോളം വിലവരുന്ന വാഹനത്തെ പൂർവസ്ഥിതിയിലാക്കാൻ പിന്നീട് തനിക്ക് ലക്ഷങ്ങൾ മുടക്കേണ്ടി വന്നു എന്നാണ് കാർത്തിക് ആര്യൻ അടുത്തിടെ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.
താൻ സ്ഥിരമായി ഉപയോഗിച്ചിരുന്നത് വേറൊരു വാഹനമായിരുന്നു എന്നും മക്ലാരൻ സൂപ്പർ കാറിലെ യാത്ര വളരെ ചുരുക്കമായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ഈ സ്പെഷ്യൽ കറിനെ ഗാരിജിൽ വളരെ സുരക്ഷിതമായി തന്നെയാണ് താരം സൂക്ഷിച്ചിരുന്നതും. എന്നാൽ എങ്ങനെയോ വാഹനത്തിനുള്ളൽ കടന്നു കയറിയ എലി വാഹനത്തിന്റെ മാറ്റ് പൂർണമായും നശിപ്പിക്കുകയായിരുന്നു.
വളരെ സുരക്ഷിതമായ നിലയിൽ സൂക്ഷിക്കപ്പെടുന്ന ഒരു സെലിബ്രിട്ടി ഗരാജിൽ ഇതാണ് ഒരു കുഞ്ഞൻ എലിക്ക് ചെയ്യാവുന്ന നാശം എങ്കിൽ നമ്മുടെയൊക്കെ കാർ പോർച്ചിൽ കിടക്കുന്ന വണ്ടികളുടെ കാര്യം എങ്ങനെയായിരിക്കും. ഇടയ്ക്ക് നമ്മുടെ വണ്ടികൾ മൊത്തത്തിൽ ഒന്നു പരിശോധിക്കുന്നത് നന്നായിരിക്കും എന്നാണ് ഞങ്ങളുടെ അഭിപ്രായം.
ഇവിടെ ഈ മക്ലാരൻ പിന്നീട് പഴയ അവസ്ഥയിലേക്ക് ആക്കി എടുക്കാൻ ലക്ഷങ്ങളാണ് താരത്തിന് ചെലവാക്കേണ്ടി വന്നത്. എലി മൂലം തനിക്കു സംഭവിച്ച ദുരവസ്ഥയെ കുറിച്ച് കാർത്തിക് ആര്യൻ വളരെ നിരാശനായിരുന്നു.
സൂപ്പർ ഹിറ്റായി തീയറ്ററുകളിൽ ഓടിയ ഭൂൽ ഭൂലയ്യ -2 എന്ന ചിത്രത്തിന്റെ വിജയമാഘോഷിക്കുന്നതിന്റെ ഭാഗമായി സിനിമയുടെ നിർമാതാവും ‘T’ സീരിസിന്റെ ഉടമയുമായ ഭൂഷൺ കുമാർ, കാർത്തിക് ആര്യന് സമ്മാനിച്ചതാണ് മക്ലാരൻ GT എന്ന ഈ സുന്ദരിയെ.
2022 -ലാണ് ഭൂഷൺ കുമാർ, കാർത്തിക്കിന് ഈ വാഹനം സമ്മാനിച്ചത്. ഇന്ത്യയിലെ ആദ്യത്തെ മക്ലാരൻ GT എന്ന ഒരു സവിശേഷതയും ഈ വാഹനത്തിനുണ്ട് എന്നത് ശ്രദ്ധേയമാണ്.