വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും
ദുബായ്: ഷാർജയിൽ മകളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും.
ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ചർച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. വിപഞ്ചികയുടെ മകൾ വൈഭവിയുടെ സംസ്കാരം ഹിന്ദു ആചാര പ്രകാരം ദുബായിൽ നടത്താനും ആണ് തീരുമാനിച്ചിരിക്കുന്നത്.
വിപഞ്ചികയുടെയും മകളുടെയും മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം.
വിപഞ്ചികയും കുഞ്ഞും ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ മരണം കൊലപാതകമെന്ന് സംശയിക്കുന്നുവെന്നും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഇടപെടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കുടുംബം കോടതിയിൽ ഹർജിയും സമർപ്പിച്ചിരുന്നു.
അതേസമയം കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറുമെന്നാണ് റിപ്പോർട്ട്. വിപഞ്ചികയുടെ അമ്മ നൽകിയ പരാതിയിൽ കഴിഞ്ഞ ദിവസം കുണ്ടറ പൊലീസ് നിതീഷിനെതിരെ കേസെടുത്തിരുന്നു.
വിപഞ്ചിക കേസ്; ഹൈക്കോടതിയിൽ ഹർജി
കേസിൽ ഇയാളുടെ സഹോദരി നീതു രണ്ടാം പ്രതിയും പിതാവ് മോഹനൻ മൂന്നാം പ്രതിയുമാണ്. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകൾ പ്രകാരമായിരുന്നു കേസ് എടുത്തിരുന്നത്.
ഷൈലജയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം സ്ത്രീധന പീഡന മരണം ഉൾപ്പെടുത്തി വകുപ്പുകളിൽ പിന്നീട് മാറ്റം വരുത്തിയിട്ടുണ്ട്. വിശദമായ റിപ്പോർട്ട് എസ്പിക്ക് സമർപ്പിക്കും.
നാട്ടിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്കും ഡിജിപിക്കും കുടുംബം പരാതി നൽകിയിരുന്നു.
വിവാഹം കഴിഞ്ഞ നാൾ മുതൽ ഭർത്താവ് നിതീഷിൽ നിന്നും വിപഞ്ചിക പീഡനം നേരിട്ടിരുന്നതായി ആരോപണമുണ്ട്.
അതിനാൽ ഷാർജയിൽ നടന്ന കുറ്റകൃത്യം നാട്ടിൽ നടന്നതിൻറെ തുടർച്ചയായി കണ്ട് ഇവിടെ അന്വേഷണം നടത്താൻ കഴിയുമെന്ന് വിപഞ്ചികയുടെ കുടുംബത്തിൻറെ അഭിഭാഷകൻ പറയുന്നു.
ഷാർജയിലെ പരിശോധനകളിൽ വിശ്വാസമില്ലെന്നും നാട്ടിൽ എത്തിക്കുന്ന മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ്മോർട്ടം നടത്താൻ ശ്രമിക്കുമെന്നും അഡ്വ. മനോജ് കുമാർ വ്യക്തമാക്കി.
വിപഞ്ചിക ഡയറിയിൽ കുറിച്ചത് ഇങ്ങനെ…
‘ഫിസിക്കലി ഉപയോഗിച്ചിട്ട് എപ്പോഴും അബദ്ധം പറ്റിയതാണെന്ന് പറയും,
ഒരേ സമയം എന്നോടും നിതീഷിന്റെ പെൺസുഹൃത്തിനോടുമൊപ്പം കിടക്ക പങ്കിടും,
ആ പെണ്ണിന്റെ ഭർത്താവിനു കാര്യങ്ങളറിയാം, ഒരു തവണ നിതീഷിനെ വിളിച്ച് ചീത്ത പറഞ്ഞിട്ടുണ്ട്,
വൈകൃതമുള്ള മനുഷ്യനാണ് നിതീഷ്, കാണാൻ പാടില്ലാത്ത വിഡിയോ കണ്ടിട്ട് അതെല്ലാം ബെഡിൽ വേണമെന്ന് ആവശ്യപ്പെടും.
ഭാര്യയുടെ കൂടെക്കിടക്കുന്നതിനെക്കുറിച്ച് മറ്റൊരു പെണ്ണിനോട് ഡിസ്കസ് ചെയ്യും, സഹിക്കാൻ വയ്യ,
പട്ടിയെപ്പോലെ തല്ലും, ആഹാരം തരില്ല, എന്റെ ലോക്കറിന്റെ കീ നിതീഷിന്റെ അച്ഛന്റെ കൈവശമായിരുന്നു,
അത് ഞാൻ വാങ്ങിയതും വലിയ പ്രശ്നമായി, പുറത്തോ നാട്ടിലോ കൊണ്ടുപോകില്ല,
എല്ലാം ക്ഷമിക്കുന്നതും സഹിക്കുന്നതും കുഞ്ഞിനു വേണ്ടിയാണ്, അവർക്കെന്നെ മാനസിക രോഗിയാക്കി ചിത്രീകരിക്കണം,
എന്റെ ഓഫീസിലെ എല്ലാവർക്കും കൂട്ടുകാർക്കും ഇതെല്ലാം അറിയാം. നിതീഷും പെങ്ങളും അച്ഛനും കൂടി എന്നെ ദ്രോഹിക്കുന്നത് എല്ലാവർക്കുമറിയാം’
‘ഒരുപാട് കാശ് ഉള്ളവരാണ്, എന്നാലും എന്റെ സാലറിക്കുവേണ്ടി ദ്രോഹിക്കും,
നിതീഷിന്റെ പെങ്ങൾ എന്റെയും കുഞ്ഞിന്റേയും സ്വർണമുൾപ്പെടെ കൈക്കലാക്കി,
ഒരു മാലക്ക് വേണ്ടി ദ്രോഹിച്ചോണ്ടിരിക്കുകയാണ്, ഈ കൊലയാളികളെ വെറുതേവിടരുത്, മരിക്കാൻ ആഗ്രഹമില്ല,
എന്റെ കുഞ്ഞിന്റെ ചിരികണ്ട് കൊതി തീർന്നിട്ടില്ല, കല്യാണം ആഢംബരമായി നടത്തിയില്ല, കാർ കൊടുത്തില്ല,
സ്ത്രീധനം കുറഞ്ഞു, കാശില്ലാത്തവൾ, തെണ്ടി ജീവിക്കുന്നവൾ, എന്നു പറഞ്ഞതെല്ലാം നിതിഷിനോടുള്ള സ്നേഹംകൊണ്ട് ഞാൻ ക്ഷമിച്ചു,
പക്ഷേ അമ്മായിയപ്പൻ എന്നോട് മിസ് ബിഹേവ് ചെയ്തിട്ടും ഭർത്താവ് നിതീഷ് ഒന്നും പ്രതികരിച്ചില്ല,
പകരം എന്നെ കല്യാണം കഴിച്ചത് അയാൾക്ക് കൂടിവേണ്ടിയാണ് എന്നു പറഞ്ഞു.
നാത്തൂൻ എന്നെ ജീവിക്കാൻ അനുവദിച്ചിട്ടില്ല, നിതീഷുമായി കലഹം ഉണ്ടാക്കിക്കുകയായിരുന്നു അവരുടെ പ്രധാന ജോലി.
Summary: The body of Vipanjika, a woman from Kollam, Kerala, who died by suicide after allegedly killing her daughter in Sharjah, will be repatriated to India. The decision was made during a discussion held at the Indian Consulate.