പെരുന്നാൾ ദിനം അബ്ദുറഹീമിന്റെ സങ്കടം കണ്ടു. പെരുന്നാള്‍ ദിനമായ ഇന്നലെ മാത്രം കോഴിക്കോട് കോടമ്പുഴ മച്ചിലകത്ത് പീടിയേക്കല്‍ വീട്ടില്‍ അബ്ദുറഹീമിനായി അഞ്ച് കോടി രൂപയാണ് സമാഹരിച്ചത്. ആകെ 17 കോടി രൂപയാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. സൗദി അറേബ്യയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കോഴിക്കോട് അബ്ദുറഹീമിന്റെ മോചനത്തിനായി ഇനി അവശേഷിക്കുന്നത് നാല് ദിവസം മാത്രം. മോചനത്തിനായി 32 കോടിയിലധികം രൂപയാണ് നല്‍കാനുള്ളത്. അപ്പീല്‍ കോടതിയില്‍ നിന്നു അന്തിമ വിധി വരുന്നതിന് മുമ്പ് 15 ദശലക്ഷം റിയാല്‍ നഷ്ടപരിഹാരമായി നല്‍കിയാല്‍ മാപ്പ് നാല്‍കാമെന്ന് സൗദി കുടുംബം റിയാദിലെ സാമൂഹിക പ്രവര്‍ത്തകനായ അഷ്‌റഫ് വെങ്ങാട്ടിനെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് അബ്ദുറഹീമിനെ രക്ഷിക്കാനുള്ള ഇടപെടലുകളിലേക്ക് സുഹൃത്തുക്കളും നാട്ടുകാരും കടന്നത്.
2006 നവംബറില്‍ 26ആം വയസിലാണ് അബ്ദുറഹീം ഹൗസ് ഡ്രൈവര്‍ വിസയില്‍ റിയാദില്‍ എത്തിയത്. 2006 ഡിസംബര്‍ 24നാണ് അബ്ദുറഹീമിന്റെ കൂടെ ജി.എം.സി വാനില്‍ യാത്ര ചെയ്യുകയായിരുന്ന അനസ് മരിച്ചത്. സ്‌പോണ്‍സര്‍ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാന്‍ അല്‍ ഷഹ്രിയുടെ മകന്‍ അനസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. കഴുത്തിന് താഴെ ചലനശേഷി ഇല്ലാത്ത അനസിന് ഭക്ഷണം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു.
ഷോപ്പിംഗിനായി പുറത്തു പോകുമ്പോള്‍ ട്രാഫിക് സിഗ്‌നല്‍ കട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു. ഇത് അനുസരിക്കാതിരുന്ന അബ്ദുറഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ അബദ്ധത്തില്‍ കൈ കഴുത്തിലെ ഉപകരണത്തില്‍ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയുമായിരുന്നു. കേസില്‍ കഴിഞ്ഞ 16 വര്‍ഷമായി റിയാദ് ജയിലില്‍ കഴിയുകയാണ് അബ്ദുറഹീം.