ഇസ്ലാമാബാദ്: പാകിസ്താനിലെ ലാഹോറില്‍ സ്ഫോടനം. വ്യാഴാഴ്ച രാവിലെ നഗരത്തിൽ സ്‌ഫോടനമുണ്ടായി എന്നാണ് പുറത്തുവരുന്ന വിവരം. പാക് ടെലിവിഷന്‍ ചാനലുകളും അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സും ആണ് വാർത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ലാഹോറിലെ വാള്‍ട്ടണ്‍ വിമാനത്താവളത്തിന് സമീപത്തെ ഗോപാല്‍ നഗര്‍, നസീറബാദ് മേഖലകളിലാണ് സ്‌ഫോടനമുണ്ടായതെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ മുതല്‍ മേഖലയില്‍ പലതവണ വന്‍സ്‌ഫോടനങ്ങളുണ്ടായെന്നും ദൃക്‌സാക്ഷികൾ പറയുന്നു.
സ്‌ഫോടനങ്ങള്‍ക്ക് പിന്നാലെ നഗരത്തില്‍ സൈറണ്‍ മുഴങ്ങിയിരുന്നു. ഇതേ തുടർന്ന് ജനങ്ങളെല്ലാം വീടുകളില്‍നിന്ന് പുറത്തേക്കോടി. നഗരത്തിലാകമാനം പുക മൂടിയ നിലയിലാണ്. ഡ്രോണ്‍ ആക്രമണത്തിലാണ് സ്‌ഫോടനമുണ്ടായതെന്നും വിവരങ്ങളുണ്ട്. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. സ്‌ഫോടനത്തിൽ ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പാകിസ്താനിൽ ഇന്ത്യയുടെ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ നടന്നതിന് പിന്നാലെയാണ് ലാഹോറില്‍ സ്‌ഫോടനമുണ്ടായെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നത്. അതിനിടെ പാകിസ്താനിലെ ബലൂചിസ്താൻ പ്രവിശ്യയിലുണ്ടായ 14 പാക് സൈനികർ കൊല്ലപ്പെട്ടു. ബോലൻ, കെച്ച് മേഖലകളിലുണ്ടായ രണ്ട് വ്യത്യസ്ത ആക്രമണങ്ങളിലാണ് സൈനികർ കൊല്ലപ്പെട്ടത്.
സൈനിക വാഹനത്തിനു നേരെയുണ്ടായ ഐ.ഇ.ഡി ആക്രമണത്തിൽ 12 പേരും ബോംബാക്രമണത്തിൽ രണ്ട് പേരുമാണ് മരിച്ചത്. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ബലൂച് ലിബറേഷൻ ആർമി (ബി.എൽ.എ) ഏറ്റെടുത്തു. ബോലനിലെ ശോർഖണ്ഡിൽ റിമോർട്ട് നിയന്ത്രിത ബോംബ് ഉപയോഗിച്ച് സൈനിക വാഹനം തകർക്കുകയായിരുന്നു.
സ്ഫോടനത്തിന്‍റെ ദൃശ്യങ്ങൾ ബി.എൽ.എ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. സ്പെഷൽ ഓപറേഷൻസ് കമാൻഡർ താരിഖ് ഇമ്രാൻ, സുബേദാർ ഉമർ ഫാറൂഖ് ഉൾപ്പെടെ 12 പേരാണ് വാഹനത്തിലുണ്ടായിരുന്നത്.