ചെന്നൈ: ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ മാറുമെന്ന മദ്രാസ് ഐഐടി ഡയറക്ടർ വി കാമകോടിയുടെ വാദത്തിന് പിന്തുണയുമായി ബിജെപി.
ഗോമൂത്രത്തിന് ബാക്ടീരിയയെയും ഫംഗസിനെയും നശിപ്പിക്കാനുള്ള കഴിവുണ്ടെന്നായിരുന്നു മദ്രാസ് ഐഐടി ഡയറക്ടർ വി.കാമകോടിയുടെ പ്രസ്താവന.
ചെന്നൈയിലെ ഗോപൂജാ ചടങ്ങിൽ സംസാരിക്കവെയായിരുന്നു കാമകോടിയുടെ ഗോമൂത്രത്തെ കുറിച്ചുള്ള പ്രസ്താവന.
പ്രതിപക്ഷ പാർട്ടികൾ ഇതിനെ വിമർശിച്ചതോടെയാണ് കാമകോടിയെ പിന്തുണച്ച് ബിജെപി നേതാക്കൾ രംഗത്തെത്തിയത്.
ബീഫ് കഴിക്കുന്ന അവകാശമാണെന്ന് വാദിക്കുന്ന വിഭാഗത്തിന് കാമകോടിയുടെ പ്രസ്താവനയോട് മാത്രം പ്രശ്‌നമെന്തിനാണെന്ന് മുൻ തെലങ്കാന ഗവർണറും ബിജെപി നേതാവുമായ തമിഴിസൈ സൗന്ദരരാജൻ ചോദിച്ചു.
ബീഫ് കഴിക്കുന്നത് തങ്ങളുടെ അവകാശമാണെന്ന് ഒരുവിഭാഗം പറയുന്നു. എന്നാൽ ഗോമൂത്രം കുടിക്കുന്നത് രോഗം ശമിപ്പിക്കുമെന്ന് മറ്റൊരു വിഭാഗം പറയുമ്പോൾ അതിൽ പ്രശ്‌നം കണ്ടെത്തുന്നത് എന്തിനാണ്? തമിഴിസൈ ചോദിച്ചു.
കാമകോടിയുടെ നേട്ടങ്ങളെ പ്രശംസിച്ച് ബിജെപി തമിഴ്‌നാട് അധ്യക്ഷൻ കെ.അണ്ണാമലൈയും രംഗത്തെത്തി.
ഡിഎംകെയും മറ്റ് പാർട്ടികളും കാമകോടിയുടെ പ്രസ്താവനയെ രാഷ്ട്രീയവത്ക്കരിക്കുകയാണെന്നും അണ്ണാമലൈ ആരോപിച്ചു.
ഗോമൂത്രത്തിന് ഔഷധ ഗുണമുണ്ടെന്ന നിലപാട് ആവർത്തിക്കുകയാണ് കാമകോടി. തന്റെ അവകാശവാദത്തിൽ സംവാദത്തിനു തയാറാണെന്നും കാമകോടി വ്യക്തമാക്കി.
മാട്ടു പൊങ്കൽ ദിനത്തിൽ ചെന്നൈ വെസ്റ്റ് മാമ്പലത്തു നടന്ന പരിപാടിയിലായിരുന്നു ഐഐടി ഡയറക്ടറുടെ വിവാദ പ്രസംഗം. ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ മാറുമെന്നായിരുന്നു കാമകോടി പറഞ്ഞത്.
തന്റ അച്ഛന് പനി വന്നപ്പോൾ സന്യാസിയുടെ നിർദേശപ്രകാരം ഗോമൂത്രം കുടിച്ചെന്നും വി കാമകോടി വെളിപ്പെടുത്തി.
ഗോമൂത്രം കുടിച്ച് 15 മിനിറ്റിൽ പനി മാറിയെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു.
ഡയറക്ടർ സ്ഥാനത്തുനിന്നു കാമകോടിയെ നീക്കണമെന്നാവശ്യപ്പെട്ട് സിപിഎമ്മും രംഗത്തെത്തി. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി കാമകോടി രംഗത്തെത്തിയത്.
വിഷയത്തെ രാഷ്ട്രീയവൽക്കരിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് കാമകോടി പ്രതികരിച്ചു.
ഗോമൂത്രം സംബന്ധിച്ച വിവിധ പഠനങ്ങൾ യുഎസിൽ അടക്കം നടന്നിട്ടുണ്ടെന്നും ഇതിന്റെ അണുനാശിനി ശേഷിയെക്കുറിച്ച് പഠനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിൽ അടക്കം പഞ്ചഗവ്യം വാങ്ങാൻ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗോമൂത്രം കുടിച്ചാൽ ആരോഗ്യ പ്രശ്നമുണ്ടാകുമെന്ന തരത്തിലെ പഠനങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ല.
ഐഐടിയിൽ അടക്കം ഇതിന്റെ ഗുണവശങ്ങളെക്കുറിച്ചാണു പഠനങ്ങൾ നടന്നിട്ടുള്ളത്. ഉത്സവ സമയങ്ങളിൽ ചാണകം, ഗോമൂത്രം, പശുവിൻ പാൽ, തൈര്, നെയ്യ് എന്നിവ ചേർത്തുണ്ടാക്കുന്ന പഞ്ചഗവ്യം കഴിക്കാറുണ്ട്.
ഇതു സംബന്ധിച്ച് ഗുണകരമായ ശാസ്ത്രീയ ചർച്ചയ്ക്കു തയാറാണെന്നും അദ്ദേഹം പറഞ്ഞു.