കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ ദേശീയ നേതൃത്വത്തിന് പരാതി
തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ്‌ഗോപിക്കെതിരെ ദേശീയ നേതൃത്വത്തെ പരാതി അറിയിച്ച് സംസ്ഥാന നേതൃത്വം.
എയിംസുമായി ബന്ധപ്പെട്ട് സംസ്ഥാന ബിജെപിയിലുണ്ടായ തർക്കത്തെ തുടർന്നാണ് പരാതി അറിയിച്ചത്.
എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കണമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിലപാടിനെതിരെയാണ് സംസ്ഥാന നേതൃത്വത്തിന്റെ പരാതി.
കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയ സംസ്ഥാന ജന.സെക്രട്ടറി അനൂപ് ആൻറണിയാണ് ദേശീയ നേതൃത്വത്തിന് പരാതി കൈമാറിയത്.
സംഭവത്തിൽ പരസ്യ നിലപാട് ആവർത്തിക്കുന്ന സുരേഷ് ഗോപിയെ അടക്കി നിർത്താൻ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്ന് വിവരം.
അടുത്ത ആഴ്ച പ്രധാനമന്ത്രിയെ രാജീവ് ചന്ദ്രശേഖർ നേരിൽ കാണും.
ബിജെപി സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുക്കാൻ ഈ മാസം 27 ന് കൊല്ലത്തെത്തുന്ന ദേശീയ അധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രി കൂടിയായ ജെ പി നദ്ദ എയിംസിൻ്റെ കാര്യത്തിൽ ദേശീയ നേതൃത്വത്തിൻ്റെ അന്തിമ നിലപാട് വ്യക്തമാക്കും എന്നുമാണ് വിവരം.
എയിംസുമായി ബന്ധപ്പെട്ട് ബിജെപിയിൽ കഴിഞ്ഞ കുറെ കാലമായി തർക്കം നിലനിൽക്കുകയാണ്.
ബി ജെ പിയിലെ പല നിയമസഭാ സ്ഥാനാർഥികളും അവരുടെ പ്രകടനപത്രികയിൽ എയിംസ് മണ്ഡലങ്ങളിൽ കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്തത് തിരഞ്ഞെടുപ്പ് പ്രചരണങ്ങൾ നടത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞ കോർ കമ്മിറ്റിയിലടക്കം എയിംസിൽ വ്യക്തത വരുത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന നേതാക്കൾ രംഗത്തു വന്നിരുന്നു.
സുരേഷ് ഗോപിയുടെ മറുപടി വേദനിപ്പിച്ചെന്ന് വയോധിക
തൃശൂര്‍: കരുവന്നൂര്‍ ബാങ്കിലുള്ള തന്റെ നിക്ഷേപം എന്ന് കിട്ടുമോ എന്ന ചോദ്യത്തിന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ മറുപടി ഏറെ വേദനിപ്പിച്ചെന്ന് പൊറത്തിശേരി സ്വദേശി ആനന്ദവല്ലി.
‘അങ്ങേരുടെ സ്വഭാവം അങ്ങനെ ആയിരിക്കുമെന്ന് ഞാന്‍ വിചാരിക്കുന്നു. എങ്കിലും നല്ലൊരു വാക്ക് പറയാമായിരുന്നു. അതില്‍ ഒരു വിഷമം ഉണ്ട്’ – എന്നാണ് ആനന്ദവല്ലിയുടെ പ്രതികരണം.
കഴിഞ്ഞ ദിവസം രാവിലെ കലുങ്ക് സഭക്കിടെ ഇരിങ്ങാലക്കുടയില്‍ വെച്ചാണ് സംഭവം.
കരുവന്നൂര്‍ സഹകരണ ബാങ്കിലെ തന്റെ നിക്ഷേപം എന്നു കിട്ടുമെന്നായിരുന്നു സുരേഷ് ഗോപിയോട് ആനന്ദവല്ലി ചോദിച്ചത്.
അതിന് മുഖ്യമന്ത്രിയെ സമീപിക്കൂ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി ഇതോടെ മുഖ്യമന്ത്രിയെ തിരക്കി തനിക്ക് പോകാന്‍ പറ്റുമോ എന്നു ആനന്ദവല്ലി തിരിച്ചു ചോദിച്ചു.
പിന്നാലെ ‘എന്റെ നെഞ്ചത്തോട്ട് കയറിക്കോ’ എന്ന് സുരേഷ് ഗോപി പരിഹാസത്തോടെ മറുപടി നല്‍കുകയായിരുന്നു.
‘നമ്മള്‍ ഒരു കാര്യം ഒരാളോട് ചോദിച്ചാല്‍, നല്ലൊരു വാക്കില്ലേ, ചേച്ചി അത് കിട്ടും. നല്ലൊരു വാക്ക് പറഞ്ഞില്ല. അതില്‍ ഒരു വിഷമം ഉണ്ട്’- എന്ന് ആനന്ദവല്ലി കൂട്ടിച്ചേര്‍ത്തു.
അതിനിടെ കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപം എന്ന് കിട്ടുമെന്ന ചോദ്യത്തിന് സുരേഷ് ഗോപി നല്‍കിയ മറുപടി സോഷ്യൽ മീഡിയയില്‍ വ്യാപകമായി ചര്‍ച്ചയാകുകയാണ്.
‘കരുവന്നൂര്‍ ബാങ്കില്‍ നിന്ന് ഇഡി പിടിച്ചെടുത്ത പണം തിരികെ തരാന്‍ മുഖ്യമന്ത്രി തയാറുണ്ടോ? ഇഡി പിടിച്ചെടുത്ത പണം തിരിച്ച് ബാങ്കിലിട്ട് നിങ്ങള്‍ക്കു തരാനുള്ള സംവിധാനം ഒരുക്കാന്‍ തയാറുണ്ടെങ്കില്‍, ആ പണം സ്വീകരിക്കാന്‍ നിങ്ങളുടെ മുഖ്യമന്ത്രിയോട് പറയൂ.
പരസ്യമായിട്ടാണ് ഞാന്‍ ഇത് പറയുന്നത്. അല്ലെങ്കില്‍ നിങ്ങളുടെ എംഎല്‍എയെ കാണൂ’- എന്ന് സുരേഷ് ഗോപി പറഞ്ഞു.
വിശദീകരണവുമായി സുരേഷ്‌ഗോപി
തൃശൂര്‍: കലുങ്ക് ചർച്ചക്കിടെ വയോധികന്റെ നിവേദനം നിരസിച്ച സംഭവം കൈപ്പിഴയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.
കൊച്ചുവേലായുധനെന്ന വയോധികന്റെ നിവേദനം സുരേഷ് ഗോപി നിരസിച്ചത് വിവാദമായ പശ്ചാത്തലത്തിലായിരുന്നു കേന്ദ്രമന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്.
കലുങ്ക് ചര്‍ച്ച സൗഹൃദവേദിയാണ് അതിന്റെ പൊലിമ കെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും, കൊടുങ്ങല്ലൂരില്‍ നടത്തിയ കലുങ്ക് ചര്‍ച്ചയ്ക്കിടെ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചേര്‍പ്പില്‍ വെച്ചാണ് കൊച്ചു വേലായുധന്റെ നിവേദനം സുരേഷ് ഗോപി നിരസിച്ചത്.









