മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അദ്വാനിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹി അപ്പോളോ ആശുപത്രിയിലാണ് അദ്വാനിയെ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിൻറെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. (BJP stalwart LK Advani admitted to Hospital again in New Delhi)
“എല്‍കെ അദ്വാനി സ്ഥിരമായി നിരീക്ഷണത്തിലാണ്. ന്യൂറോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. വിനിത് സൂരിയുടെ കീഴിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്,” – ആശുപത്രി അധികൃതർ പറഞ്ഞു. വാര്‍ധക്യ സഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച അദ്വാനിയെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
96 വയസുകാരനായ അദ്വാനിക്ക് ഈ വർഷം രാജ്യം പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത രത്ന നൽകി ആദരിച്ചിരുന്നു. അടൽ ബിഹാരി വാജ്പേയ് പ്രധാനമന്ത്രിയായിരുന്ന കാലയളവിൽ ഉപപ്രധാനമന്ത്രിയുടെ സ്ഥാനമാണ് അദ്ദേഹം വഹിച്ചിരുന്നത്.
മൂന്ന് തവണ ബിജെപി ദേശീയ അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ചിരുന്നു. അടുത്തുകാലത്തായി ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍മാറിയിരിക്കുകയായിരുന്നു.