വാരിക്കുഴിയായി കോട്ടയം കുമളി ദേശീയപാത. കോട്ടയം കുമളി ദേശീയപാതയിൽ റോഡില്‍ രൂപപ്പെട്ട വിള്ളല്‍ വലിയ അപകട ഭീഷണി ഉയർത്തുന്നതായി പരാതി. ദേശീയപാത 183 -ല്‍ മണര്‍കാട് ഐരാറ്റുനടയില്‍ റോഡ് ഇടിഞ്ഞ് താഴുന്നത് വൻ കെണിയാണ് ഉയര്‍ത്തുന്നത്. Big crack in Kottayam Kumali National Highway 183, the road is collapsing
പ്രധാനമായും ഇരുചക്രവാഹന യാത്രക്കാര്‍ക്കാണ് റോഡ് അപകട ഭീഷണിയായി മാറിയിരിക്കുന്നത്. കനത്ത മഴ പെയ്യുമ്പോള്‍ പാടശേഖരങ്ങളില്‍ ഉണ്ടാകുന്ന വെള്ളക്കെട്ട് മൂലം റോഡ് വീണ്ടും ഇരുന്നു താഴുന്നതുമൂലമാണ് വിള്ളൽ ഉണ്ടാകുന്നതെന്നാണ് ആക്ഷേപം. ഈ ഭാഗത്തെ റോഡിന്റെ നിര്‍മ്മാണത്തിലെ അശാസ്ത്രീയത പരിഹരിക്കണമെന്നു ആവശ്യമുയര്‍ന്നു.
2019 ലെ കനത്ത മഴയില്‍ റോഡിന്റെ മധ്യഭാഗം 30 മീറ്ററോളം ദൂരത്തില്‍ വരെ തകര്‍ന്നിരുന്നതിനെ തുടര്‍ന്ന് ദേശീയ പാത അധികൃതര്‍ കഴിഞ്ഞ വര്‍ഷം നവീകരണം നടത്തിയിരുന്നു. പക്ഷെ കഴിഞ്ഞയിടെ ഉണ്ടായ കനത്ത മഴയ്ക്ക് പിന്നാലെ റോഡ് വീണ്ടും ഇരുന്നു.
റോഡ് ഇരുന്നതോടെ, ടാറിംങിന് വിള്ളല്‍ ഉണ്ടാവുകയും ചെയ്തു.കുപ്പികഴുത്ത് പോലുള്ള ഈ റോഡ് വേണ്ട വിധത്തില്‍ ശാസ്ത്രീയമായി നവീകരിച്ചില്ല എന്ന ആക്ഷേപവും നാട്ടുകാര്‍ ഉയര്‍ത്തുന്നുണ്ട്. വശങ്ങള്‍ക്ക് വീതി കൂടിയതോടെ അനധികൃതമായി വലിയ വാഹനങ്ങള്‍ അടക്കം സ്ഥിരമായി പാര്‍ക്ക് ചെയ്യുന്നതും അപകടം ഉണ്ടാക്കുന്നുണ്ട്.