ന്യൂഡൽഹി: ബെംഗളൂരുവിൽ ഇരുചക്ര വാഹനം ഓടിച്ചു കൊണ്ട് ഐപിഎൽ മത്സരം കണ്ട യുവാവിൽ നിന്ന് പിഴയീടാക്കി ബെംഗളൂരു ട്രാഫിക് പൊലീസ്.
1,500 രൂപയാണ് ബെംഗളൂരു സ്വദേശി പ്രശാന്ത് ഒടുക്കേണ്ടി വന്ന പിഴ. ട്രാഫിക് സിഗ്നലിനിടെ യുവാവ് വാഹനം നിർത്തിയപ്പോൾ യാത്രക്കാർ പകർത്തിയ വീഡിയോ വഴിയാണ് സംഭവം പുറത്ത് വന്നത്.
വീഡിയോയിൽ യുവാവിന്റെ ഇടതുകൈയിൽ പ്ലാസ്റ്റർ ധരിച്ചിരുന്നുന്നതായി വ്യക്തമായി കാണാം. ബൈക്കിന്റെ ഹാൻഡിൽ ഭാഗത്ത് ഫോൺ മൗണ്ടിൽ ഫോൺ സ്ഥാപിച്ചിരുന്നതായി വീഡിയോയിൽ കാണാം.
മാർച്ച് 22 ന് മുംബൈ-പൂനെ എക്സ്പ്രസ് ഹൈവേയിൽ ഔദ്യോഗിക ഡ്യൂട്ടിക്കിടെ ഫോണിൽ ഐപിഎൽ കളി കണ്ടതിന് ക്യാമറയിൽ കുടുങ്ങിയ മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ഡ്രൈവറെ സസ്‌പെൻഡ് ചെയ്തതിന് പിന്നാലെയുണ്ടായ സംഭവമാണിത്.
ശിവാജിനഗറിലെ ബ്രോഡ്‌വേ റോഡിലൂടെ സ്കൂട്ടറിൽ സഞ്ചരിക്കവെയാണ് യുവാവ് ഐപിഎൽ മത്സരം കണ്ടത്. തുടർന്ന് അവിടെയുണ്ടായിരുന്ന യാത്രക്കാരിലൊരാൾ മൊബൈലിൽദൃശ്യങ്ങൾ പകർത്തി എക്‌സിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
പ്രശാന്തിനെതിരെ പൊലീസ് പിഴ ചുമത്തിയ ശേഷം താക്കീത് നൽകി ബോധവത്കരണ ക്ലാസിന് അയയ്ക്കുകയായിരുന്നു.