ബലാത്സംഗക്കേസ്; പ്രജ്വല്‍ രേവണ്ണ കുറ്റക്കാരന്‍
ബംഗലൂരു: ബലാത്സംഗക്കേസിൽ ജനതാദള്‍ (എസ്) മുന്‍ എംപി പ്രജ്വല്‍ രേവണ്ണ കുറ്റക്കാരനാണെന്ന് കോടതി. ബംഗലൂരുവിലെ എംപി/ എംഎല്‍എമാര്‍ക്കായുള്ള പ്രത്യേക കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേസിൽ ശിക്ഷ നാളെ വിധിക്കും.
വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്തെന്ന കേസിലാണ് മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ ചെറുമകനായ പ്രജ്വല്‍ രേവണ്ണ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്.
പ്രജ്വല്‍ രേവണ്ണ തന്റെ ഫാം ഹൗസില്‍ വെച്ച് മുന്‍ വേലക്കാരിയെ ബലാത്സംഗം ചെയ്യുകയും, അശ്ലീല വീഡിയോ പകര്‍ത്തുകയും ചെയ്ത കേസിലാണ് പ്രത്യേക കോടതി ജഡ്ജി സന്തോഷ് ഗജാനന്‍ ഭട്ട്, പ്രജ്വല്‍ രേവണ്ണ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ നാല് ലൈംഗിക പീഡന കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2021 മുതല്‍ പ്രജ്വല്‍ രേവണ്ണ തന്നെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ ആരോപണം.
സംഭവം ആരോടെങ്കിലും വെളിപ്പെടുത്തിയാല്‍ പീഡനത്തിന്റെ വീഡിയോകള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും വേലക്കാരി ആരോപിച്ചിരുന്നു.
കേസില്‍ കോടതി പ്രജ്വല്‍ രേവണ്ണയെയും 26 സാക്ഷികളെയും ആണ് വിസ്തരിച്ചിരുന്നത്. തുടർന്ന് ബലാത്സംഗം, ലൈംഗിക പീഡനം, ഭീഷണി, സ്വകാര്യ ചിത്രങ്ങള്‍ നിയമവിരുദ്ധമായി പ്രചരിപ്പിക്കല്‍ എന്നിവയുള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരം കുറ്റം ചുമത്തുകയായിരുന്നു.
പന്ത്രണ്ടുകാരി ഗര്‍ഭിണി; വയോധികന്‍ അറസ്റ്റില്‍
കോഴിക്കോട്: പന്ത്രണ്ടുകാരിയെ പിഡീപ്പിച്ച് ഗര്‍ഭിണിയാക്കിയ വയോധികനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് താമരശേരിയിലാണ് സംഭവം. പെൺകുട്ടിയുടെ സമീപവാസിയാണ് പിടിയിലായത്.
താമരശേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പന്ത്രണ്ടുകാരിയായ വിദ്യാര്‍ഥിനിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലാണ് വയോധികനെ പിടികൂടിയത്.
കഴിഞ്ഞ മേയ് 15ന് വയറുവേദനയെ തുടര്‍ന്ന് പരിശോധനക്കായി എത്തിയപ്പോഴാണ് വിദ്യാർത്ഥിനി അഞ്ച് മാസം ഗര്‍ഭിണിയാണ് എന്ന വിവരം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മെഡിക്കല്‍ കോളജില്‍ നിന്നും ഡോക്ടര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. തുടർന്ന് പെണ്‍കുട്ടിയുടെ മൊഴി സ്ഥിരീകരിക്കുന്നതിനു വേണ്ടി സമീപവാസിയായ 70 കാരനെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.
ഡിഎന്‍എ സാമ്പിള്‍ എടുത്ത് രണ്ടുമാസത്തിന് ശേഷം ഡിഎന്‍എ ഫലം പുറത്ത് വന്നതോടെയാണ് വയോധികനെ പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതിയുടെ വീടിനു സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ പെണ്‍കുട്ടി കളിക്കാന്‍ വരികയും, ഇടക്ക് വീട്ടില്‍ വെള്ളം കുടിക്കാനായി പ്രതിയുടെ എത്താറുമുണ്ടായിരുന്നു. ഈ അവസരം മുതലെടുത്താണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
പലതവണ ഇയാള്‍ പെൺകുട്ടിയുടെ പീഡിപ്പിച്ചതായാണ് വിവരം. പ്രതിയുടെ ഭാര്യ കൂലിപ്പണിക്ക് പോകാറുള്ളതിനാല്‍ തന്നെ പകൽ വീട്ടില്‍ ആരും ഉണ്ടാവാറില്ല.
ഇയാളുടെ മക്കളുടെ വിവാഹം കഴിഞ്ഞതാണ്. താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Summary: A Bengaluru special court has found former JD(S) MP Prajwal Revanna guilty in a rape case. The sentencing is scheduled for tomorrow.