ബെംഗളൂരു: ബെംഗളുരുവിലെ രാമേശ്വരം കഫേയിൽ ഇന്നലെ സ്ഫോടനം നടന്ന സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പ്രതിയെന്ന് കരുതുന്ന ആളിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. രാമേശ്വരം കഫേയുടെ പരിസരത്ത് ബാഗുമായി എത്തിയ യുവാവ് സ്ഫോടനത്തിന് മുമ്പ് ബാഗ് കഫേയ്ക്കു സമീപം വച്ചശേഷം കടന്നുകളയുകയായിരുന്നു. ഇയാൾ ഭക്ഷണം കഴിക്കാനായി പണമടച്ച് ടോക്കൺ എടുത്തിരുന്നെങ്കിലും ഭക്ഷണം കഴിക്കാതെ പുറത്തേക്ക് പോയി.
പ്രതിയെന്നു കരുതുന്ന യുവാവിനൊപ്പം ഉണ്ടായിരുന്ന ആളെ പിടികൂടിയിട്ടുണ്ട്. ഇയാളെ ബെംഗളുരൂ പൊലീസ് ചോദ്യംചെയ്യുകയാണ്. സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ച 30–35 വയസ്സുള്ള, മാസ്ക് ധരിച്ചെത്തിയയാളെ തിരിച്ചറിഞ്ഞതായും ഉടൻ അറസ്റ്റുണ്ടാകുമെന്നും സംഭവസ്ഥലം സന്ദർശിച്ച ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ അറിയിച്ചു.
VIDEO | Bengaluru cafe blast suspect caught on CCTV.
At least 10 people were injured in a low intensity bomb blast at the popular Rameshwaram Cafe in Bengaluru's Whitefield locality on Friday. Police suspect that an improvised explosive device (IED) fitted with a timer inside a… pic.twitter.com/EWGzLAmy1M
— Press Trust of India (@PTI_News) March 2, 2024
‘‘ഉച്ചയ്ക്ക് ഒരുമണിക്കാണ് സ്ഫോടനം ഉണ്ടായത്. 30 വയസ്സ് തോന്നിക്കുന്ന ആൾ കഫേയിലെത്തി റവ ഇഡ്‌ലി വാങ്ങി. കൈവശമുണ്ടായിരുന്ന ബാഗ് കഫേയ്ക്കു തൊട്ടടുത്തുള്ള ഒരു മരത്തിന് അടുത്തുവച്ചു. ഒരുമണിക്കൂറിന് ശേഷം സ്ഫോടനമുണ്ടായി.’’– അദ്ദേഹം പറഞ്ഞു.
മാസ്കും കണ്ണാടിയും തൊപ്പിയും പ്രതി ധരിച്ചതിനാൽ ഇയാളുടെ മുഖം വ്യക്തമല്ല. എന്നാൽ ഇഡ്‌ലി പ്ലേറ്റുമായി നിൽക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. വെള്ളിയാഴ്ച ഉച്ചയ്ക്കു 12.50നും ഒരുമണിക്കും ഇടയിലാണു കഫേയിൽ സ്ഫോടനം നടന്നത്. എൻഐഎ സംഘം സ്ഥലത്ത് എത്തിച്ചേർന്നിട്ടുണ്ട്. സിബിഐയ്ക്കാണു കേസ് അന്വേഷണത്തിന്റെ ചുമതല. നിരവധി സംഘങ്ങളായി തിരിഞ്ഞു പ്രതിയിലേക്ക് എത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.
വൈറ്റ്ഫീൽഡിനു സമീപം ബ്രൂക്ക്ഫീൽഡിലെ രാമേശ്വരം കഫേ ഹോട്ടലിൽ ഇന്നലെ ഉച്ചയ്ക്കുണ്ടായ സ്ഫോടനത്തിൽ പത്തു പേർക്കാണു പരുക്കേറ്റത്. പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചെന്ന് ആദ്യം സംശയിച്ചെങ്കിലും, ഉപേക്ഷിച്ച നിലയിലുള്ള ബാഗിൽ നിന്ന് സ്ഫോടക വസ്തുക്കൾ പിന്നീട് കണ്ടെത്തി. അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായതോടെ ജീവനക്കാരടക്കം ചിതറിയോടി. 3 ജീവനക്കാർക്കും സ്ത്രീക്കും പരുക്കേറ്റു. ഇവർ അപകട നില തരണം ചെയ്തതായി അധികൃതർ പറഞ്ഞു.
സ്ഫോടനത്തിന് രാജ്യാന്തര തീവ്രവാദ ബന്ധമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. കർണാടക പൊലീസ് ആഭ്യന്തര സുരക്ഷാ വിഭാഗം, ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), ഫൊറൻസിക് വിദഗ്ധർ തുടങ്ങിയവർ സംഭവ സ്ഥലത്തെത്തി തെളിവെടുത്തു.
Read Also: സി.പി.എം സ്ഥാപിച്ച ബോർഡ് എടുത്തു മാറ്റി; ‘എസ്.എഫ്.ഐ കൊന്നതാണ്’ ബോർഡുമായി കെ.എസ്.യു