തിരുവന്തപുരം: ബംഗാളി നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെ ഉടൻ ചോദ്യം ചെയ്യും. നടിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. പ്രത്യേക അന്വേഷണ സംഘത്തിന്റെ നിർണായക യോഗവും ഇന്ന് ചേരും. രഞ്ജിത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.(Bengali actress’s sexual assault complaint; Ranjith will be questioned today)
എറണാകുളം നോര്‍ത്ത് പൊലീസാണ് രഞ്ജിത്തിനെതിരെ കേസെടുത്തത്. ഐപിസി 354 പ്രകാരമാണ് കേസ്. തുടര്‍നടപടികള്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ നിര്‍ദേശപ്രകാരമായിരിക്കും. രഞ്ജിത്തിനെതിരെ ക്രിമിനല്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇ-മെയില്‍ വഴിയാണ് നടി പരാതി നല്‍കിയത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് നടി പരാതി നല്‍കിയത്.
‘ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു. സംഭവം നടന്നത് കൊച്ചി കടവന്ത്രയിലെ ഫ്ളാറ്റില്‍ വെച്ചാണ്. ഫ്ളാറ്റിലേക്ക് ക്ഷണിച്ചത് രഞ്ജിത്താണ്. പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാനാണ് ക്ഷണിച്ചത്. സിനിമയല്ല ഉദ്ദേശം എന്ന് മനസിലായതോടെ ഹോട്ടല്‍ റൂമിലേക്ക് മടങ്ങി. സംഭവത്തെ കുറിച്ച് സൃഹൃത്തായ സംവിധായകന്‍ ജോഷി ജോസഫിനെ അറിയിച്ചിരുന്നുവെന്നും നടിയുടെ പരാതിയില്‍ പറയുന്നു. രഞ്ജിത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തില്‍ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായതെന്ന് നടി വെളിപ്പെടുത്തിയിരുന്നു. റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും പിന്നീട് കഴുത്തിലും മുടിയിലും തലോടി’യെന്നും നടി പറഞ്ഞിരുന്നു.