ഉറക്കമുണർന്നതിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ പലരും. എന്നാൽ ഇത് എങ്ങിനെയാണ് ശരിയായി ചെയ്യേണ്ടത് ? ഇതുകൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം. BENEFITS OF WASHING FACE WITH ICE WATER
മുഖത്ത് ഐസ് തടവുന്നതാണ് നല്ലതെന്നാണ് നടി ഭാഗ്യശ്രീയെപ്പോലുള്ളവർ പറയുന്നത്. ചർമ്മത്തിൽ ഐസു തടവുകയോ ഐസ് റോളർ ഉപയോഗിക്കുകയോ ചെയ്യുന്നത് ചർമ്മത്തിലെ വീക്കം ശമിപ്പിക്കുകയും നോഡുലോസിസ്റ്റിക് മുഖക്കുരു, റോസേഷ്യ, സൂര്യനിൽ നിന്നുള്ള അലർജികൾ, പ്രാണികളുടെ കടിയേറ്റുള്ള പ്രശ്നങ്ങൾ, ഉർട്ടികാരിയ എന്നിവ കുറയ്ക്കാൻ ഉപയോഗപ്രദമാണെന്നും വിദഗ്ദർ പറയുന്നു.
മുഖക്കുരുവും ചുളിവുകളും കുറക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. മുഖത്ത് ‘മോയിസ്ചറയിസറുകൾ’ ഉപയോഗിക്കുന്നതിനു മുൻപ് രാവിലെ ദിനചര്യയെന്ന പോലെ ഇങ്ങനെ ചെയ്യുന്നത്, മുഖത്തിനു തിളക്കം കൊണ്ടുവരാൻ സഹായിക്കുന്നു എന്നാണ് ഭാഗ്യശ്രീ പറയുന്നത്. “ഈ 10 മിനിറ്റ് പ്രഭാത ദിനചര്യ നിങ്ങളുടെ മുഖത്തെ പ്രഭാത സൂര്യനെപ്പോലെ പ്രസന്നമാക്കും.” അവർ പറയുന്നു.
ഐസ് പായ്ക്കുകൾ ഉപയോഗിക്കുന്നത് ‘കോൾഡ്-ഇൻഡ്യൂസ്ഡ് റിയാക്ടീവ് വാസോഡിലേറ്റേഷൻ’ ഉണ്ടാക്കി ഫലപ്രദമായ പേശി വിശ്രമത്തിനു സഹായിക്കുമെന്ന് ഡെർമറ്റോളജിസ്റ്റും ട്രൈക്കോളജിസ്റ്റുമായ ഡോ വന്ദന പഞ്ചാബി പറയുന്നു.
ഐസ് അധികനേരം ചർമ്മത്തിൽ വയ്ക്കുന്നത് ‘ഫ്രോസ്റ്റ്ബൈറ്റി’നു കാരണമാകുമെന്നും ഡോക്ടർ മുന്നറിയിപ്പു നൽകുന്നു.ഐസ്, ചർമ്മത്തിൽ നേരിട്ട് സമ്പർക്കം പുലർത്തുന്നതിലൂടെ ഇതിലെ തണുപ്പ് ചർമ്മത്തിന്റെ ബാരിയറുകൾ നശിപ്പിക്കുകയും ചർമ്മത്തിൽ അസ്വസ്ഥത, ചുവന്നു തടിക്കൽ, ഐസ് ബേൺ, വരൾച്ച എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ മൃദുവായ കോട്ടൺ തുണിയിലോ സിപ് ലോക്ക് ബാഗിലോ പൊതിഞ്ഞു വേണം ഉപയോഗിക്കാൻ.








