തമിഴ്‌നാട്ടിലെ റോഡരികിൽ വ്യാപകമായി കാണുന്ന ആര്യ വേപ്പിന് ഇന്ന് കേരളത്തിലെ വീടുകളിലും വലിയ സ്ഥാനമാണുള്ളത്. ത്വക്ക് രോഗങ്ങൾ മാറാനും ദീർഘായുസ്സിനും ആര്യവേപ്പ് നല്ലതാണ് എന്നാണ് വിശ്വാസം. ആര്യവേപ്പില കതകിൽ തൂക്കിയാൽ ദുഷ്ട ശക്തികളൊന്നും വീട്ടിൽ പ്രവേശിക്കില്ലെന്നും വിശ്വസിക്കുന്നു. ആര്യ വേപ്പിനെ കുറിച്ച് ഋഗ്വേദത്തിലും പരാമർശിച്ചിട്ടുണ്ട്. അസുരന്മാരിൽ നിന്നും വീണ്ടെടുത്ത അമൃത കുംഭവുമായി ദേവലോകത്തേക്ക് മടങ്ങിയ ദേവേന്ദ്രൻ അതിൽ നിന്ന് ഏതാനും തുള്ളികൾ വേപ്പ് മരത്തിൽ തളിച്ചതോടെ ആര്യവേപ്പിന് എല്ലാ രോഗങ്ങളെയും ശമിപ്പിക്കുവാനുള്ള കഴിവ് കൈവന്നു എന്നാണ് ഐതിഹ്യം.
പുരി ജഗന്നാഥ ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ ആര്യവേപ്പിന്റെ തടികൊണ്ടാണ് നിർമിച്ചിട്ടുള്ളത്. തമിഴ്നാട്ടിൽ മാരിയമ്മൻ കോവിലിൽ മഞ്ഞളും ആര്യവേപ്പിലയും കൂട്ടി അരച്ച് ദേവീ വിഗ്രഹത്തിൽ ചാർത്തുകയും ഇത് വെള്ളം ചേർത്ത് അഭിഷേകം നടത്തുകയും ചെയ്യുന്നു. ആലിന് ആയിരം ഇലകൾ വന്നാൽ പ്രായപൂർത്തിയായി എന്നാണ് വിശ്വാസം. ആ കാലത്ത് ആലിനെ ആര്യവേപ്പിനെ കൊണ്ട് കല്യാണം കഴിപ്പിക്കുന്ന ചടങ്ങ് തമിഴ്നാട്ടിൽ നില നിൽക്കുന്നു. ആൽമരത്തെ പുരുഷനായും വേപ്പിനെ സ്ത്രീയായും സങ്കൽപ്പിച്ചാണ് വിവാഹം. സന്താന ഭാഗ്യത്തിന് വേണ്ടിയാണ് ഇത് സാധാരണ ചെയ്യുന്നത്. കേരളത്തിലും ചില ക്ഷേത്രങ്ങളിലും ഇതുപോലെ വിവാഹം നടത്തിയിട്ടുണ്ട്.
മൂന്ന് ആര്യ വേപ്പ് നട്ടാൽ മരണാനന്തരം മൂന്നു യുഗങ്ങൾ സൂര്യ ലോകത്ത് കഴിയാമെന്നും ഒരിക്കലും നരകത്തിൽ പോകേണ്ടി വരില്ല എന്നുമാണ് ഹിന്ദു വിശ്വാസം. ഇന്ത്യയിലെ ഏതു കാലാവസ്ഥയിലും വളരുന്ന പരിസ്ഥിതി പ്രാധാന്യമുള്ള ഒരു നിത്യഹരിത വൃക്ഷമാണ് ആര്യവേപ്പ്. വൃക്ഷമായി വളരുമെന്നതിനാൽ വീടിന്റെ അതിർത്തികളിലോ മുറ്റത്ത് തണൽ മരമായോ ആര്യവേപ്പ് നടാം. ഇത് വഴി കീടങ്ങളെ അകറ്റുകയും അന്തരീക്ഷത്തിന് പരിശുദ്ധി കൈവരുത്തുകയും ചെയ്യാം.
ചിക്കൻ പോക്സ് വന്നാൽ ആര്യവേപ്പിന്റെ ഇലയാണ് കിടക്കുന്നിടത്ത് വിരിക്കാനും ചൊറിച്ചിലിന്റെ ശമനത്തിനും ഉപയോഗിക്കുന്നത്. ഫംഗസ് അണു ബാധയ്ക്കും വേപ്പ് ഗുണം ചെയ്യും. മലേറിയയും പനിയും കുറയ്ക്കുന്നതിന് വേപ്പ് ചായ കുടിക്കാം. ഇതിൽ അടങ്ങിയ വിറ്റാമിനുകളും ഫാറ്റി ആസിഡുകളും ത്വക്കിനെ മെച്ചപ്പെടുത്തുകയും ചുളിവുകളും മറ്റും കുറയ്ക്കുകയും ചെയ്യുന്നു. ചർമ്മം യുവത്വമുള്ളതും ആകുന്നു. ദിവസവും വേപ്പില ഇട്ടു തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നത് ശീലമാക്കിയാൽ ശരീരത്തിന്റെ രോഗപ്രതിരോധശക്തി വർധിക്കുകയും, തിളക്കമുള്ള ചർമ്മം ലഭിക്കുകയും ചെയ്യും. തലയിലെ പേനിനും താരനും ഇത് പരിഹാരമാണ്. വീടിനടുത്ത് ആര്യ വേപ്പ് നിന്നാൽ രോഗങ്ങൾ ഏഴയലത്തു വരില്ല എന്നാണ് വിശ്വാസം.
Read Also:മണികെട്ടിയാല്‍ എല്ലാം നടത്തിതരുന്ന അമ്മ