കാളികാവ്: നല്ല വില വന്നപ്പോഴും ജാതികർഷകർക്ക് കണ്ണീര് തന്നെ. കഴിഞ്ഞ വേനൽചൂടിൽ പിടിച്ചു നിൽക്കാനാവാതെ പലതോട്ടങ്ങളിലും ജാതിക്ക കൊഴിഞ്ഞു വീണതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഇത് വലിയ തോതിൽ ഉൽപാദനം കുറയാൻ ഇടയാക്കിയെന്നാണ് കർഷകർ പറയുന്നത്. ഉത്പാദനത്തിൽ 20 ശതമാനത്തോളം കുറവുവന്നെന്ന് കർഷകർ പറയുന്നു.
വിപണികളിൽ എത്തുന്നതിൽ ഏറിയ പങ്കും ഉണക്കയാണെങ്കിലും ജലാംശം കൂടുതലാണെന്ന കാരണം പറഞ്ഞ് വൻകിടക്കാർ വില ഇടിക്കുന്നതായും ഉൽപാദകർ പറയുന്നു. വിദേശ വിപണികളിലും ഇന്ത്യൻ ജാതിക്കയുടെ ആവശ്യം കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മറ്റ് വിപണികളിൽനിന്ന് കുറഞ്ഞനിരക്കിൽ ജാതിക്ക എത്തിയത് ഇന്ത്യൻ വിപണിയെ കാര്യമായി തന്നെ ബാധിച്ചു. മരുന്ന്, കറിമസാലകൾ തുടങ്ങിയ ആവശ്യങ്ങൾക്കാണ് ജാതി ഉൽപന്നങ്ങൾ കൂടുതലായും ഉപയോഗിക്കുന്നത്.
രാജ്യത്ത്തന്നെ കേരളമാണ് ജാതിക്ക ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം. ദേശീയതലത്തിൽ മൊത്തം ഉത്പാദനത്തിൽ 90 ശതമാനത്തിന് മുകളിൽ കേരളത്തിന്റെ സംഭാവനയാണ്.
കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളാണ് ജാതിക്ക കൃഷിയിൽ തൊട്ടുപിന്നിലുള്ളത്. ഏതാണ്ട് 15,000 ടൺ ജാതിക്കയാണ് വർഷാവർഷം കേരളത്തിൽ ഉത്പാദിപ്പിക്കുന്നത്. പച്ച ജാതിക്കക്ക് കിലോഗ്രാമിന് 350 മുതൽ 400 രൂപ വരെയും ജാതിപ്പരിപ്പിന് 650 രൂപ വരെയുമാണ് വില. ജാതി പത്രിക്ക് കിലോഗ്രാമിന് 1500 മുതൽ 2400 രൂപ വരെ വില ലഭിക്കുന്നുണ്ട്. എന്നാൽ ഉൽപാദനക്കുറവും വിപണിയിലെ വിലയിടിവും കാരണം മികച്ച വില കൊണ്ട് ജാതി കർഷകർക്ക് കാര്യമായ പ്രയോജനം കിട്ടുന്നില്ല