മുംബൈ: അഫ്ഗാനിസ്താനെതിരായ ട്വന്റി20 പരമ്പര ആരംഭിക്കാൻ ദിവസങ്ങൾ ശേഷിക്കെ ഇന്ത്യൻ ടീം പ്രഖ്യാപനത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകർ. മുതിർന്ന താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശർമയും ടീമിൽ ഉണ്ടായേക്കുമെന്നതാണ് ആകാംക്ഷ വർധിപ്പിക്കുന്നത്. എന്നാല്‍ സെലക്ടർമാർ ഇരുവരേയും പരിഗണിക്കുമോ എന്നതാണ് ചോദ്യം. ഏകദിന ലോകകപ്പിലെ പ്രകടനവും നായകമികവും രോഹിതിന്റെ സ്ഥാനം ഉറപ്പാക്കുന്നതാണെന്ന് റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. രോഹിത് തന്നെ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കണമെന്നാണ് ബിസിസിഐയുടെ താല്‍പ്പര്യമെന്നും ദേശീയ മാധ്യമങ്ങള്‍ മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ രോഹിതിനേയും കോലിയെയും ഒരുമിച്ച് പരിഗണിക്കാന്‍ സെലക്ടമാർ തയാറല്ല എന്നാണ് പിടിഐ റിപ്പോർട്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ മുഖ്യ സെലക്ടറായ അജിത് അഗാർക്കർ ഇരുവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. അഫ്ഗാനിസ്താനെതിരായ പരമ്പര ആരംഭിക്കാന്‍ നാല് ദിവസം ശേഷിക്കെ ഇതുവരെ ടീമിനെ പ്രഖ്യാപിക്കാന്‍ ബിസിസിഐ തയാറായിട്ടില്ല. രോഹിതും കോലിയും അന്തിമ ഇലവനിലേക്ക് എത്തിയാല്‍ ടീമിന്റെ ബാലന്‍സ് നഷ്ടപ്പെടാനുള്ള സാധ്യതയും കൂടുതലാണെന്നാണ് വിലയിരുത്തല്‍.
രോഹിതിനേയും കോലിയെയും ടീമില്‍ ഉള്‍പ്പെടുത്തിയാല്‍ റുതുരാജ് ഗെയ്ക്വാദും ഇഷാന്‍ കിഷനും പുറത്തിരിക്കേണ്ടി വരും. ടീം തിരഞ്ഞെടുപ്പില്‍ ബിസിസിഐ പുറത്തുനിന്നുള്ള സമ്മർദത്തേയും മറികടക്കണം. മൂന്ന് മത്സരങ്ങളാണ് അഫ്ഗാനിസ്ഥാനെതിരെയുള്ള ട്വന്റി20 പരമ്പരയിൽ ഉൾപ്പെടുന്നത്.
Read Also: ഇന്ത്യ– പാക് പോരാട്ടം ജൂൺ 9ന്; ആരാധകർ ട്വന്റി20 ലോകകപ്പ് ആവേശത്തിൽ