ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാതാപിതാക്കള്‍ ബി.ജെ.പിയെ പിന്തുണച്ചതിന്‍റെ പേരില്‍ പ്രതികാര നടപടയെന്നു കുടുംബത്തിന്റെ പരാതി. പക വീട്ടാനായി മാനസികാസ്വാസ്ഥ്യമുള്ള മകന്റെ തല ബലമായി ബാര്‍ബര്‍ മൊട്ടയടിച്ചതായി കുടുംബം ആരോപിക്കുന്നു. (Barber’s revenge by forcibly shaving head of mentally ill Dalit boy)
ഉത്തർപ്രദേശിലെ ബുദൗണിൽ 12വയസുകാരന്‍റെ മാതാപിതാക്കള്‍ എസ്.പിയെയോ ബി.എസ്.പിയെയോ പിന്തുണക്കുന്നതിനു പകരം ബി.ജെ.പിയെ പിന്തുണച്ചതാണ് ബാര്‍ബറെ പ്രകോപിപ്പിച്ചത്. ബുദൗണിലെ ബിൽസിയില്‍ കട നടത്തുന്ന ബാര്‍ബറാണ് പ്രതി.
സംഭവത്തെക്കുറിച്ച് കുട്ടിയുടെ അമ്മ പറയുന്നത്:
“ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത്, ഞങ്ങളുടെ കുടുംബം ബി.ജെ.പിക്കാണ് വോട്ട് ചെയ്തത്. അതിനാൽ ഞങ്ങളുടെ പ്രദേശത്തെ ബാര്‍ബറും മറ്റ് ചിലരും അസന്തുഷ്ടരായിരുന്നു.അവര്‍ ഞങ്ങളുടെ വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന എൻ്റെ മകനെ ബലമായി പിടിച്ചുകൊണ്ടുപോയി തല മൊട്ടയടിച്ചു.എൻ്റെ ഭർത്താവ് പിന്നീട് ഈ ആളുകളെ കണ്ടെങ്കിലും അവർ മോശമായി പെരുമാറി. അതുകൊണ്ട് ഞങ്ങള്‍ പൊലീസിനെ സമീപിച്ചു. ഈ അപമാനത്തിനു ശേഷം എൻ്റെ മകൻ വളരെ അസ്വസ്ഥനാണ്. ”
എസ്‌സി/എസ്ടി ആക്‌ട് പ്രകാരമാണ് ബാര്‍ബര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് ബില്‍സി എസ്.എച്ച്.ഒ കമലേഷ് കുമാര്‍ മിശ്ര പറഞ്ഞു. കുട്ടിയുടെ അമ്മ നൽകിയ പരാതിയിലെ മുഴുവന്‍ കാര്യങ്ങളും അന്വേഷിക്കുമെന്നും നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.