ചെറുബാങ്കുകളുടെ വൻലയനം വീണ്ടും ചർച്ചയിൽ; 2027 ഓടെ മൂന്നിൽ ഒതുങ്ങും പൊതുമേഖല
മുംബൈ: പൊതുമേഖലാ ബാങ്കുകളെ ചുരുക്കാനും ബാങ്കിങ് മേഖലയെ ശക്തിപ്പെടുത്താനുമായി കേന്ദ്ര സർക്കാർ വീണ്ടും ലയന നടപടികൾക്ക് രൂപം നൽകി തുടങ്ങി.
ചെറുബാങ്കുകളെ ലയിപ്പിക്കുന്ന പദ്ധതിയാണ് നിലവിൽ പ്രധാനമന്ത്രിയുടെ ഓഫിസും കേന്ദ്രമന്ത്രിസഭയും പരിശോധിക്കുന്നത്. 2027ഓടെ പദ്ധതി പൂർത്തിയാക്കാനാണ് നീക്കം.
വലിയ ലക്ഷ്യം – കുറച്ച് ശക്തമായ ബാങ്കുകൾ മാത്രം
ഇൻഡ്യൻ ഓവർസീസ് ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നിവയെ പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ മൂന്നു വലിയ ബാങ്കുകളിലേക്ക് ലയിപ്പിക്കുന്നതിനുള്ള ചർച്ചകൾ അതിവേഗത്തിലാണ്.
മറ്റ് ചെറുബാങ്കുകളും ഘട്ടംഘട്ടമായി ലയനത്തിൽ ഉൾപ്പെടുന്ന സാഹചര്യം രൂപപ്പെട്ടിട്ടുണ്ട്.
2017–2020 കാലഘട്ടം മാതൃക
മുമ്പ് പത്തു പൊതുമേഖലാ ബാങ്കുകൾ നാലു ബാങ്കുകളിലായി ലയിപ്പിച്ചപ്പോഴും, എസ്.ബി.ഐയുടെ സഹബാങ്കുകളും മഹിളാ ബാങ്കും അതിന്റെ ഭാഗമായി. 2017ൽ 27 ബാങ്കുകൾ ഉണ്ടായിരുന്ന പൊതുമേഖലയിലെ എണ്ണം ഇപ്പോൾ 12 ആയി ചുരുങ്ങി.
ധനമന്ത്രി നിർമല സീതാരാമന്റെ നിലപാട് അനുസരിച്ച് ഭാവിയിൽ മൂന്നു മുതൽ നാലുവരെ മാത്രമേ പൊതുബാങ്കുകൾ നിലനിൽക്കൂ.
നിതി ആയോഗ് രീതിപ്രകാരം ചെറുബാങ്കുകളെ സ്വകാര്യവത്കരിക്കുകയോ ലയിപ്പിക്കുകയോ ചെയ്യണമെന്ന ശുപാർശ പരിഗണനയിലുണ്ട്.
നേരത്തെ ഇന്ത്യൻ ഓവർസീസ് ബാങ്കിനെയും സെൻട്രൽ ബാങ്കിനെയും സ്വകാര്യവത്കരിക്കാനായിരുന്നു തീരുമാനം, എന്നാൽ അത് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
ലോക ശക്തികളോട് മത്സരിക്കാൻ ഇന്ത്യയുടെ സ്വന്തം വജ്രായുധം; പുതിയ തേജസ് എംകെ1എ വെള്ളിയാഴ്‌ച പറന്നുയരും
ഗ്രാമീണ ബാങ്കുകളിലും പുത്തൻ മാറ്റങ്ങൾ
ഒരു സംസ്ഥാനത്ത് ഒരു റൂറൽ ബാങ്ക് എന്ന നയപ്രകാരം സംയോജനം പുരോഗമിക്കുന്നു.
നബാർഡിന്റെ നേതൃത്വത്തിൽ 22,000 റൂറൽ ബാങ്ക് ശാഖകൾ ഡിജിറ്റൽ സംവിധാനങ്ങളിലേക്ക് മാറുകയാണ്. ഇതിൽ 92% ഗ്രാമപ്രദേശങ്ങളിലാണ്.
ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്കിനും രാജ്യവ്യാപക സാന്നിധ്യമുണ്ട്. ഈ ശക്തമായ അടിസ്ഥാനവും ഡിജിറ്റൽ ഇടപാടുകളിലെ വർധനയും സർക്കാർ വാദത്തിന്റെ ഭാഗമായി.
ഇതെല്ലാം ചേർന്ന് ശക്തമായ ബാങ്കിങ് ശൃംഖലയാണ് ഒരുക്കുന്നത്. അതുകൊണ്ടുതന്നെ ചെറിയ ബാങ്കുകളെ വലിയവയിൽ ലയിപ്പിക്കുന്നത് സേവനങ്ങളെ ബാധിക്കില്ലെന്നതാണ് സർക്കാർ നിലപാട്. ഡിജിറ്റൽ ഇടപാടുകൾ ശക്തിപ്പെട്ടതും ഇത്തരമൊരു നീക്കത്തിനു പിന്നിലുണ്ട്.
ബന്ധപ്പെട്ട ബാങ്കുകളുമായും ഉദ്യോഗസ്ഥരുമായി കൂടിയാലോചനകൾ തുടരുകയാണ്. ആഭ്യന്തരസമ്മതത്തിന് ശേഷമേ പുനഃസംഘടന അന്തിമരൂപം കൈക്കൊള്ളൂ.









