ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടവർക്കായി നിർമ്മിച്ച സ്മാരക മന്ദിര ഉദ്ഘാടന ചടങ്ങിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്തില്ല. പാനൂർ ചെറ്റക്കണ്ടിയിലെ ഷൈജു, സുബീഷ് സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്നാണ് എം വി ഗോവിന്ദൻ വിട്ടുനിന്നത്. പകരം സ്മാരക മന്ദിരം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു.
പാനൂരിൽ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്കായി രക്തസാക്ഷി സ്മാരകം പണിതത് വലിയ വിവാദങ്ങൾക്കായിരുന്നു വഴിവച്ചത്. രാഷ്ട്രീയവാദം കൊഴുക്കുന്നതിനിടെ സ്മാരകത്തിന്റെ ഉദ്ഘാടന പരിപാടിയും നടന്നു. ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയായിരുന്നു. എന്നാൽ വിവാദങ്ങളോട് തുടക്കം മുതൽ മൗനം പാലിച്ച സംസ്ഥാന സെക്രട്ടറി ഒടുവിൽ പിന്മാറി. എംവി ഗോവിന്ദന്റെ അസാന്നിധ്യത്തിൽ പകരക്കാരനായത് ജില്ലാ സെക്രട്ടറി എം വി ജയരാജനാണ്.
ഷൈജുവും സുബീഷും രക്തസാക്ഷികൾ തന്നെയെന്ന പാർട്ടി നിലപാട് എം വി ജയരാജൻ ആവർത്തിച്ചു. ആർഎസ്എസിന്റെ ഏകപക്ഷീയ ആക്രമണങ്ങളുടെ തുടർച്ചയായാണ് ചെറ്റക്കണ്ടിയിലെ സ്‌ഫോടനമെന്നും ജയരാജൻ പറഞ്ഞു. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ജില്ലയിൽ ഉണ്ടായിട്ടും എം.വി ഗോവിന്ദൻ പരിപാടിയിൽ പങ്കെടുക്കാതിരുന്നതെന്നാണ് സൂചന.