ചേര്‍ത്തല: സ്കൂൾ വിട്ട് കുട്ടികളുമായി പോയിരുന്ന ബസിന്റെ പിൻചക്രം ഊരിത്തെറിച്ചു. ശിശുദിനത്തില്‍ വൈകിട്ട് നാലരയോടെയാണ് സംഭവം. തണ്ണീര്‍മുക്കം ബണ്ടിന്റെ കിഴക്കേ പാലത്തിൽ വെച്ചാണ് അപകടമുണ്ടായത്. (Back wheel of the school bus came off while traveling with students)
പട്ടണക്കാട് സെന്റ് ജോസഫ്‌സ് പബ്ലിക്ക് സ്‌കൂളിന്റെ ബസിന്റെ ചക്രമാണ് ഊരിപോയത്. അപകട സമയത്ത് ബസിൽ നിറയെ കുട്ടികളുണ്ടായിരുന്നു. ബണ്ട് തീരുന്നതിന് മുമ്പ് പാലത്തിൽ വെച്ച് ചക്രം ഊരിത്തെറിക്കുകയായിരുന്നു. ഡ്രൈവറുടെ അവസരോചിത ഇടപെടലിൽ വൻ അപകടമാണ് ഒഴിവായത്. അപകടത്തെ തുടര്‍ന്ന് ബണ്ട് പാലത്തില്‍ ഏറെ നേരം ഗതാഗതം മുടങ്ങി. കുട്ടികളെ മറ്റു വാഹനങ്ങളിൽ വീടുകളിലെത്തിച്ചെന്നും ആർക്കും പരിക്കില്ലെന്നും അധികൃതർ അറിയിച്ചു.