ഇരിട്ടി: കണ്ണൂര്‍ കരിക്കോട്ടക്കരിയില്‍ ഇറങ്ങിയ കാട്ടാന കുട്ടി ചരിഞ്ഞു. ആനയെ മയക്കുവെടി വച്ച് പിടികൂടി ചികിത്സ നല്‍കുന്നതിനിടെയാണ് ചരിഞ്ഞത്. വായില്‍ ഗുരുതര പരിക്കോടെയാണ് കാട്ടാനയെ കണ്ടെത്തിയത്.
ആനയുടെ വായില്‍ സാരമായ പരിക്ക് കണ്ടെത്തിയ സാഹചര്യത്തിൽ വയനാട്ടില്‍ നിന്നെത്തിയ വെറ്റിനറി സംഘമാണ് കാട്ടാന കുട്ടിയെ മയക്കുവെടി വച്ച് പിടികൂടിയത്. മയക്കുവെടിവച്ച ശേഷം ആനയെ ആനിമല്‍ ആംബുലന്‍സില്‍ കയറ്റി ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.
വനം വകുപ്പിന്റെ വാഹനത്തിനു നേരെ കാട്ടാന ആക്രമണം നടത്തിയിരുന്നു. അയ്യന്‍കുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരി ടൗണിന് സമീപത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്. ഇരിട്ടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി സുനില്‍കുമാറും സംഘവും സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ബുധനാഴ്ച്ച പുലര്‍ച്ചെ ആറരയ്ക്കായിരുന്നു ആക്രമണം നടന്നത്.









