കൊച്ചി: പിറന്ന് വീണ് അഞ്ചാം നാൾ സിനിമയിലെ നായികയായി താരപദവിയിലെത്തിയിരിക്കുകയാണ് കുഞ്ഞ് രുദ്ര.
മാജിക് ഫ്രെയിം സിനിമകളുടെ എക്സിക്കുട്ടീവ് പ്രൊഡ്യൂസറായ അഖിൽ യശോധരന്‍റെ മകളാണ് രുദ്ര എന്ന ഈ കുഞ്ഞ് നായിക.
മാജിക്ക് ഫ്രെയിംസിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിച്ച്അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബിഗേൾ എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രത്തെയാണ് ബേബി രുദ്ര അവതരിപ്പിക്കുന്നത്.
സിനിമയ്ക്ക് തിരക്കഥ എഴുതിയിരിക്കുന്നത് ബോബി സഞ്ജയ് ആണ്. നിവിൻ പോളി നായകനും ലിജോമോൾ നായികയും ആകുന്ന ഈ ചിത്രത്തിൽ ശ്രദ്ധേയരായ മറ്റ് താരങ്ങളും അഭിനയിക്കുന്നുണ്ട്.
തിരുവനന്തപുരത്താണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെയാണ് കുഞ്ഞിന്‍റെ നൂലുകെട്ട് ദിവസമെത്തുന്നത്. നായികയുടെ നൂലുകെട്ട് ഗംഭീരമാക്കണമെന്ന് നിർദ്ദേശിച്ചത് നിവിൻ പോളിയാണ്.
ചിത്രത്തിന്‍റെ പ്രൊജക്റ്റ് ഹെഡ്ഡും എക്സിക്കുട്ടീവ് പ്രൊഡ്യൂസറുമാണ് അഖിൽ യശോധരൻ. കവടിയാർ ലയൺസ് ക്ലബ്ബിലായിരുന്നു ചടങ്ങ് നടന്നത്.
ആദ്യം പേര് ചൊല്ലി വിളിച്ചത് സംവിധായകൻ അരുൺ വർമയും ലിജോമോളും സംഗീത് പ്രതാപും അഭിമന്യു തിലകനും ചേർന്നായിരുന്നു.
നിവിൻ പോളിയും അണിയറപ്രവർത്തകരും ഒത്തുചേർന്നതോടെ അവിസ്മരണീയമായ ചടങ്ങായി മാറി നൂലുകെട്ട്.









