കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിലെ കുട്ടികളുടെ ആശുപത്രിയില്‍ ചികിത്സയിലിരുന്ന മൂന്ന് വയസുകാരി മരിച്ചത് ചികിത്സാപ്പിഴവിനെ തുടർന്നെന്ന് ആരോപണം.
കട്ടപ്പന കളിയിക്കല്‍ ആഷ അനിരുദ്ധന്‍-വിഷ്ണു സോമന്‍ ദമ്പതികളുടെ മകള്‍ അപര്‍ണിക ആണു മരിച്ചത്. ആശുപത്രിയിലെചികിത്സാപ്പിഴവ് മൂലമാണ് കുട്ടി മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
ഒരാഴ്ച മുന്‍പ് കഠിനമായ വയറുവേദനയെ തുടര്‍ന്നാണു കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജിലെ കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രാഥമിക ചികിത്സ നടത്തിയ ശേഷം അധികൃതര്‍ കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തെന്ന് മാതാപിതാക്കള്‍ പറയുന്നു. വീട്ടിലെത്തി മരുന്നു കഴിച്ചിട്ടും അസുഖത്തിനു കുറവുണ്ടായില്ല.
തുടര്‍ന്നു ഞായറാഴ്ചയും തിങ്കളാഴ്ചയും വീടിനു സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പിന്നീട്സ്ഥിതി ഗുരുതരമായതോടെ തിങ്കളാഴ്ച വൈകീട്ടോടെ കോട്ടയം മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയിലേക്കു വീണ്ടുമെത്തിച്ചു.
ആശുപത്രിയിൽ പരിശോധന നടത്തിയെങ്കിലും മതിയായ ചികിത്സ നല്‍കിയില്ലെന്നു കുട്ടിയുടെ അമ്മ ആരോപിച്ചു.
രാത്രി ഒരുമണിയോടെ കുട്ടിക്കു ഡ്രിപ്പ് ഇട്ടെങ്കിലും രാവിലെ ഏഴായിട്ടും പാതി പോലും ശരീരത്തില്‍ കയറിയില്ല.
പിന്നീട്ഇന്നലെ രാവിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. പക്ഷേ അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. കുഞ്ഞിന് ഹൃദയാഘാതം സംഭവിച്ചെന്നാണ് ആശുപത്രി അധികൃതരുടെ വാദം.
എന്നാല്‍, ഭക്ഷ്യവിഷബാധയേറ്റതാണെന്ന് തങ്ങളോട് ആശുപത്രി അധികൃതര്‍ അനൗദ്യോഗികമായി പറഞ്ഞതായും മാതാപിതാക്കള്‍ പറയുന്നു.
ഹൃദയാഘാതം മൂലമാണു കുട്ടി മരിച്ചതെന്നാണ് പ്രാഥമിക വിവരമെന്ന് കുട്ടികളുടെ ആശുപത്രിയിലെ സൂപ്രണ്ട് ഡോ. കെ പി ജയപ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.