കണ്ണൂർ: വയനാട് വഴി മൈസൂരിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കണ്ണൂർ ജില്ലാ ഭരണകൂടം അറിയിച്ചു. പകരം ഇരിട്ടി- കൂട്ടുപുഴ റോഡ് വഴി യാത്ര ചെയ്യണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ താമരശ്ശേരി ചുരം വഴി അത്യാവശ്യ വാഹനങ്ങൾക്ക് ഒഴികെ മറ്റുള്ള വാഹനങ്ങൾക്ക് കഴിഞ്ഞ ദിവസം മുതൽ തന്നെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.(Avoid traveling to Mysore via Wayanad; The authorities gave instructions)
ചുരത്തിൽ ഗതാഗത തടസമുണ്ടാകാതിരിക്കാനും മുണ്ടക്കൈ രക്ഷാപ്രവർത്തന സാമഗ്രികൾ എത്തിക്കുന്നതിനും ചുരത്തിലൂടെ സഞ്ചാര പാതയൊരുക്കാനാണ് ഗതാഗത നിയന്ത്രണമേർപ്പെടുത്തിയത്. അതേസമയം താമരശേരി ചുരം പാതയിൽ രണ്ടാം വളവിന് താഴെ പത്ത് മീറ്ററിലധികം നീളത്തിൽ കഴിഞ്ഞ ദിവസം രാത്രി വിള്ളൽ പ്രത്യക്ഷപ്പെട്ടിരുന്നു. തുടർന്ന് ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.
രണ്ടാം വളവ് എത്തുന്നതിന് മുമ്പുള്ള വളവിൽ റോഡിന്റെ ഇടത് വശത്തോട് ചേർന്നാണ് വിള്ളൽ കണ്ടെത്തിയത്. തുടർന്ന് റോഡ് ഇടിയുന്ന സാഹചര്യം ഒഴിവാക്കാൻ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചു. വലതു വശത്തുകൂടി ഒറ്റവരിയായാണ് വാഹനങ്ങൾ കടത്തിവിടുന്നത്. ചരക്കു ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ അടിവാരത്തും മറ്റ് സ്ഥലങ്ങളിലും പിടിച്ചിട്ടിട്ടുണ്ട്.